തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെഎസ്യു നടത്തിയ നിയമസഭാ മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ഷാഫി പറന്പലിനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാർഡുകളുമായാണ് ഇന്നുരാവിലെ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ എത്തിയത്.
സഭാ നടപടികൾ ആരംഭിച്ച ഉടൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവം സബ്മിഷനായി ഉയർത്താമെന്ന് സ്പീക്കർ വ്യക്തമാക്കി.
എന്നിട്ടും പ്രതിപക്ഷം സഹകരിക്കാൻ തയ്യാറായില്ല. സ്പീക്കർ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ ചോദ്യോത്തര വേള ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിൽവ്യവസായ മന്ത്രി ഇപി ജയരാജനായിരുന്നു പ്രതിപക്ഷത്തിന് മറുപടി നൽകിയത്. ഇന്ന് മുഖ്യമന്ത്രി സഭയിലെത്തിയിരുന്നു. പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും.
ഇന്നലെ ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവത്തിൽ സ്പീക്കറുടെ ഡയസില്‍ കയറി നാല് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. ഇത് സഭാനടപടികളുടെ മര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. എംഎല്‍എയെ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.
നാല് എംഎൽഎമാർക്ക് ശാസന
തിരുവനന്തപുരം: സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച നാല് എംഎൽഎമാർക്ക് ശാസന. റോജി എം ജോൺ,എൽദോസ് കുന്നപ്പള്ളി,അൻവർ സാദത്ത്,ഐ.സി ബാലകൃഷണൻ എന്നിവരെയാണ് സ്പീക്കർ പി ശ്രീരാമകൃഷണൻ ശാസിച്ചത്.
കെഎസ് യു നിയമസഭാ മാർച്ചിനിടെ ഷാഫി പറന്പിൽ എംഎൽഎയ്ക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ സ്പീക്കറുടെ ഡയസിലേയ്ക്ക് അഞ്ചംഗങ്ങൾ കയറിയത്. നടപടി ഉണ്ടായ നാലു അംഗങ്ങൾക്ക് പുറമേ കുന്നത്തുനാട് എംഎൽഎ വി.പി സജീന്ദ്രനും ഡയസിലേയ്ക്ക് കയറിയിരുന്നു. സജീന്ദ്രൻ പ്രതിഷേധിച്ച എംഎൽഎമാരെ പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത്.
ഇതു കണക്കിലെടുത്തായിരിക്കും സജീന്ദ്രനെതിരെ സ്പീക്കർ നടപടി സ്വീകരിക്കാതിരുന്നതെന്ന് കരുതുന്നു. അതേസമയം എംഎൽഎമാരെ ശാസിച്ച നടപടി അംഗീകരിക്കില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. 2015ൽ കെഎം മാണിയുടെ ബജറ്റ് അവതരണ സമയത്ത് ഇപ്പോഴത്തെ സ്പീക്കർ ശ്രീരാമകൃഷണൻ അന്ന് സ്പീക്കറുടെ ഡയസിൽ കയറിയ ചിത്രങ്ങളുമായാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
പ്രതിഷേധം നിർഭാഗ്യകരമെന്ന് സ്പീക്കർ പറഞ്ഞു. സഭാ നടപടികളുമായി ഇത്തരത്തിൽ മുന്നോട്ടു പോകാൻ കഴില്ലെന്നും നടപടി ജനാധിപത്യബോധത്തോടെ അംഗീകരിക്കണമെന്നും സ്പീക്കർ പറഞ്ഞു. കക്ഷി നേതാക്കളുടെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തില്ലെന്നും നടപടി അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ബഹളം അനിയന്ത്രിതമായതോടെ സ്പീക്കർ സഭ നടപടികൾ തത്കാലത്തേയ്ക്ക് നിർത്തിവച്ച ശേഷം തന്റെ ചേംബറിലേയ്ക്ക് മടങ്ങി.