കൊച്ചി: ആരോഗ്യവകുപ്പില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെതിരേ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയുടെ വെളിപ്പെടുത്തല്‍.
ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ അഖില്‍ സജീവ് തന്റെ അക്കൗണ്ടിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയെന്നാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഷിനോയിയുടെ ആരോപണം.
പലപ്പോഴായി പല അക്കൗണ്ടുകളില്‍ നിന്ന് തന്റെ അക്കൗണ്ടിലേക്കെത്തിയ പണം അഖില്‍ സജീവിന് കൈമാറുകയായിരുന്നു. പിന്നീടാണ് ഏതോ തൊഴില്‍ തട്ടിപ്പിലെ പണമാണെന്ന് അറിഞ്ഞതെന്നും ഷിനോയി ആരോപിക്കുന്നു.
വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് കഴിഞ്ഞ ജനുവരിയില്‍ പണമെത്തിയത്. ഗൂഗിള്‍ പേ വഴിയാണ് തന്റെ അക്കൗണ്ടിലേക്ക് പലരും പണമയച്ചത്. ഇവര്‍ ആരെന്ന് ഇപ്പോഴും അറിയില്ലെന്നാണ് ഷിനോയിയുടെ വെളിപ്പെടുത്തല്‍.
കോഴിക്കോട് അഖില്‍ സജീവിനൊപ്പം 15 ദിവസം താമസിച്ചപ്പോഴായിരുന്നു ഇടപാട് നടത്തിയത്. തന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നാണ് അഖില്‍ അന്ന് തന്നോട് പറഞ്ഞതെന്നാണ് ഷിനോയ് പറയുന്നത്.
ബിസിനസ് ആവശ്യത്തിനായി പലരും അയക്കുന്ന പണമെന്നാണ് പറഞ്ഞത്. തന്റെ അക്കൗണ്ടിലെത്തിയ തുകയത്രയും അഖില്‍ സജീവിന് കൈമാറിയിട്ടുണ്ട്.
ജോലിയ്ക്കായി കൈമാറിയ പണമാണെന്ന് മൂന്നുമാസത്തിനുശേഷം ഒരാള്‍ വിളിച്ചുപറഞ്ഞു. അപ്പോഴാണ് തട്ടിപ്പിന് അഖില്‍ സജീവ് തന്റെ അക്കൗണ്ട് ഉപയോഗിക്കുകയായിരുന്നെന്ന് മനസിലായതെന്നും ഷിനോയ് പറഞ്ഞു.