തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നിയമസഭയിൽ പ്രതിഷേധിച്ചു.
രാവിലെ സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ വിഷയം പ്രതിപക്ഷം ഉന്നയിച്ചു. എന്നാൽ സ്പീക്കർ ഇത് അനുവദിച്ചില്ല.
ചോദ്യോത്തരവേളയുമായി മുന്നോട്ടുപോകാൻ സ്പീക്കർ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം മുഴക്കി.
വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടു പോലും സർക്കാർ നിഷേധാത്മകമായ സമീപനമാണ് പുലർത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചും പ്രതിപക്ഷ അംഗങ്ങൾ ബഹളംവച്ചു.
ശൂന്യവേളയിൽ വിഷയം ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങില്ല. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി വ്യക്തമാക്കി. കേസിൽ പ്രതിയായി എന്നതുകൊണ്ട് മാത്രം മന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ല.
നിയമസഭയിൽ നടന്ന ഒരു പ്രതിഷേധത്തിൽ പോലീസ് കേസെടുത്തതുകൊണ്ടാണ് ഇത്തരമൊരു സ്ഥിതിയുണ്ടായത്.
തെറ്റായ കീഴ്വഴക്കമാണ് യുഡിഎഫ് സർക്കാർ കാട്ടിയതെന്നും കേസിൽ വിചാരണ നേരിടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതോടെയാണ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.