തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിൽ മന്ത്രിമാർ അടക്കമുള്ള ആറു പ്രതികളും ഹാജരാകാത്തതിനാൽ കേസ് 28 ലേക്കു മാറ്റി.
മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, വി. ശിവൻകുട്ടി എന്നിവരോട് കോടതിയിൽ ഹാജരാകാൻ കർശന നിർദേശം നൽകി.
തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസം കോടതിയിലെത്തി ജാമ്യമെടുത്ത മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, വി. ശിവൻകുട്ടി എന്നിവർ ഇന്നലെ ഹാജരാകാത്തതിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അതൃപ്തി അറിയിച്ചു.
കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുകയും സ്പീക്കറുടെ കസേര, കംപ്യൂട്ടർ അടക്കം നശിപ്പിച്ചു രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പോലീസ് കേസ്. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യം നേരത്തേ കോടതി തള്ളിയിരുന്നു.