തിരുവനന്തപുരം ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം. സഭാ സമ്മേളനം ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. ബഹളത്തിനിടെ ചോദ്യോത്തരവേള തുടർന്നെങ്കിലും എം.എൽ.എമാരുടെ പ്രതിഷേധം തുടർന്നതോടെ ചോദ്യോത്തരവേള ആദ്യം റദ്ദാക്കുകയും പിന്നീട് മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയുമായിരുന്നു.
സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി ബഹളം തുടർന്നപ്പോൾ സ്പീക്കർ പല ആവർത്തി പ്രതിപക്ഷ അംഗങ്ങളോട് ഇതു ശരിയല്ലെന്ന് പറഞ്ഞെങ്കിലും അവർ പ്രതിഷേധത്തിൽ നിന്ന് പിൻമാറിയില്ല. 32 മിനിറ്റ് മാത്രമാണ് ഇന്നു സഭാനടപടികൾ നടന്നത്.
പ്രതിപക്ഷം ബഹളം നടക്കുന്നതിനിടെ ബിജെപി എംൽഎ ഒ. രാജഗോപാലും പി.സി. ജോർജ്ജും സഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമസഭാകവാടത്തിൽ സത്യഗ്രഹം ഇരിക്കുന്ന എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയതെന്നാണ് ഇവരുടെ വിശദീകരണം.
നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ എംഎൽഎമാരുടെ സമരത്തിന് ഇരുവരും നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സഭ നടന്ന എട്ടു ദിവസവും പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിയുകയായിരുന്നു.