തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമസഭയിൽ അസാധാരണ സംഭവങ്ങൾ. ചോദ്യോത്തര വേളയിൽതന്നെ ഉന്തും തള്ളുമായി എത്തിയ പ്രതിപക്ഷം സഭയെ പ്രക്ഷുബ്ധമാക്കി. ശബരിയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിയമസഭയിൽ പ്രതിപക്ഷ ബഹളം.
സഭ ആരംഭിച്ച ഉടൻ ശബരിമലയിലെ നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. പ്ലക്കാർഡും ബാനറും ഉയർത്തിയുള്ള ബഹളം തുടർന്നതോടെ സ്പീക്കർ പ്രതിപക്ഷ അംഗങ്ങളോട് സീറ്റിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടങ്കിലും അവർ ബഹളം തുടർന്നു.
ഇതിനിടെ സ്പീക്കർ പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസിനു മുന്നിലേയ്ക്ക് വന്നു. പ്രതിപക്ഷ ബഹളം തുടർന്നെങ്കിലും മുഖ്യമന്ത്രി മറുപടി തുടർന്നു കൊണ്ടേയിരുന്നു.
45 മിനിട്ടോളം മറുപടി തുടർന്നതോടെ പ്രതിപക്ഷ നേതാവ് ഇതിനെ ചോദ്യം ചെയ്തു കൊണ്ട് എഴുന്നേറ്റതോടെ ബഹളം ഉച്ചസ്ഥായിയിലായി. ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തുകൊണ്ട് ശബരിമലയിലെ നിയന്ത്രണങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെങ്കിലും സ്പീക്കർ അതനുവദിച്ചില്ല.
ചോദ്യോത്തരവേളയിലെ അംഗങ്ങളുടെ ഉപചോദ്യം ചോദിക്കാനുള്ള അവസരം നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളം തുടർന്നതോടെ പത്തേകാലോടെ സഭ നിർത്തി വയ്ക്കുന്നതായി സ്പീക്കർ ശ്രീരാമകൃഷണൻ അറിയിക്കുകയും അദ്ദേഹം സീറ്റ് വിട്ട് തന്റെ മുറിയിലേയ്ക്ക് മടങ്ങിപ്പോവുകയും ചെയ്തു. പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റവുമുണ്ടായി.