ബൈജു ബാപ്പുട്ടി
കോഴിക്കോട്: ജില്ലയിൽനിന്ന് വിജയിച്ചുകയറിയവരിൽ ഭൂരിഭാഗവും മന്ത്രിയാകാൻ യോഗ്യർ.
അനുഭവ സന്പത്ത്, മുന്നണി മര്യാദ, പാർട്ടിയിലെ സ്ഥാനമാനങ്ങൾ,വനിതാ പ്രാതിനിധ്യം തുടങ്ങി നിരവധി മാനദണ്ഡങ്ങൾവച്ച് പരിഗണിക്കുന്പോഴും പുതിയ മന്ത്രിസഭയിൽ മന്ത്രിപദവി അലങ്കരിക്കാൻ യോഗ്യതയുള്ളവരാണ് പലരും.
ജില്ലയിൽനിന്ന് നിലവിൽ മന്ത്രിമാരായുള്ള ടി.പി.രാമകൃഷ്ണനും എ.കെ.ശശീന്ദ്രനും പുതിയ മന്ത്രിസഭയിലും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
പേരാന്പ്രയിൽനിന്ന് 22,592 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച ടി.പി.രാമകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്ന നിലയിലും പുതിയ മന്ത്രിസഭയിലെത്തുമെന്നാണ് കണക്കുകൂട്ടൽ.
എലത്തൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച എൻസിപി ദേശീയ പ്രവർത്തകസമിതി അംഗംകൂടിയായ എ.കെ.ശശീന്ദ്രൻ എൻസിപിയെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തിയേക്കും.
നാദാപുരം മണ്ഡലത്തിൽനിന്ന് വിജയിച്ച സിപിഐ സംസ്ഥാനകൗൺസിൽ അംഗം ഇ.കെ.വിജയനെ സിപിഐ മന്ത്രി സഭയിലേക്ക് നിർദേശിക്കുമെന്ന് സൂചനയുണ്ട്. ഇതു മൂന്നാം തവണയാണ് ഇ.കെ.വിജയൻ നിയമസഭാംഗമാകുന്നത്.
പാർട്ടിയുടെ പോഷകസംഘടനകൾക്കു മന്ത്രി സ്ഥാനം നൽകുന്ന തീരുമാനം സിപിഎം കൈക്കൊണ്ടാൽ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തും. സിപിഎം സംസ്ഥാന സമിതിഅംഗംകൂടിയാണ് ബേപ്പൂരിൽനിന്ന് 28,747വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച മുഹമ്മദ് റിയാസ്.
കൊടുവള്ളിയിലും തുടർന്ന് കുന്നമംഗലത്തും മുസ്ലിം ലീഗിനോട് പടവെട്ടി മണ്ഡലത്തെ ഇടതു പാളയത്തിലെത്തിച്ച പിടി.എ.റഹീമിനെ മന്ത്രിയാക്കണമെന്ന വികാരം മണ്ഡലത്തിൽ ശക്തമാണ്. ഇതു നാലാം തവണയാണ് ഇടതുസ്വതന്ത്രനായി മത്സരിച്ചു ജയിക്കുന്ന റഹീം എംഎൽഎ ആകുന്നത്.
ഇതു ഘടകക്ഷിയായ ഐഎൻഎൽ മത്സരിച്ച മുന്നുസീറ്റുകളിൽ ലഭിച്ച ഏക സീറ്റാണ് കോഴിക്കോട് സൗത്ത് . ഇവിടെ വിജയിച്ച ഐഎൻഎൽ സംസ്ഥാന സെക്രട്ടറി അഹമ്മദ് ദേവർകോവിൽ മന്ത്രി സ്ഥാനത്തിനു അവകാശവാദമുന്നയിക്കുമെന്നുറപ്പ്.
കൂടാതെ വനിതാ പ്രാതിനിധ്യമെന്ന നിലയിൽ ജില്ലയിൽനിന്ന് പരിഗണിക്കാനിടയുള്ള പേരാണ് കൊയിലാണ്ടിയിൽനിന്ന് വിജയിച്ച കാനത്തിൽ ജമീല.
ന്യൂനപക്ഷ പ്രാതിനിധ്യംകൂടി പരിഗണിക്കുന്പോൾ സാധ്യതയേറുന്നതാണ് ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കാനത്തിൽ ജമീലയുടേത്.
ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനുമായ തോട്ടത്തിൽ രവീന്ദ്രനും മന്ത്രി സ്ഥാനത്തിനർഹനാണ്.
ദീർഘകാലം മേയർഎന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള തോട്ടത്തിൽ രവീന്ദ്രൻ ഇക്കാര്യത്തിൽ റിക്കാർഡിനുടമകൂടിയാണ്. രാജ്യത്ത് ഏറ്റവുമധികം കാലം മേയർ ആയി സേവനമുഷ്ഠിച്ചതിന്റെ റിക്കാർഡാണ് അത്.
ഇില്ലയിലെ ആകെയുള്ള പതിനൊന്ന് എംഎൽഎമാരിൽ ബാക്കിയുള്ളത് കുറ്റ്യാടിയിൽനിന്നുള്ള കെ.പി.കുഞ്ഞഹമ്മദ്കുട്ടി, ബാലുശേരിയിൽനിന്നുള്ള സച്ചിൻ ദേവ്, തിരുവന്പാടിയിൽനിന്നുള്ള ലിന്റോ ജോസഫ് എന്നിവരാണ്.