തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിനെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിൽ വാക്ക് പോര്.
ആർഎംപിയിലെ കെ.കെ.രമയാണ് ടി.പി കേസ് സഭയിൽ ഉന്നയിച്ചത്. ടി.പി കേസിലെ പ്രതികൾക്ക് പോലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സ്വർണകടത്ത് കേസിലെ പ്രതികൾക്ക് ഉൾപ്പെടെയുള്ള പല കേസുകളിലും പ്രതികൾക്ക് പോലീസിന്റെ സഹായം ലഭിക്കുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണെന്നും കെ.കെ.രമ സഭയിൽ പറഞ്ഞു.
സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനെതിരെയുള്ള പുതിയ നിയമത്തെ പരാമർശിച്ചായിരുന്നു കെ.കെ.രമയുടെ ചോദ്യം.
ടി.പി കേസ് അന്വേഷിച്ചത് യുഡിഎഫ് ഭരണകാലത്താണെന്ന കാര്യം കെ.കെ.രമ മറന്നു പോയോ എന്ന് മുഖ്യമന്ത്രി സഭയിൽ മറുപടിയായി പറഞ്ഞു.
അന്ന് കേസ് അന്വേഷണം നന്നായി നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മറുപടിയായി അക്കാലത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.
ടി.പി കേസിൽ നല്ല രീതിയിൽ അന്വേഷണം നടന്നുവെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ അഭിനന്ദിക്കുന്നുവെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി.
എന്നാൽ താൻ പരോക്ഷമായി പരിഹസിച്ച് പറഞ്ഞത് തിരുവഞ്ചൂരിന് കൊണ്ടുവെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. അക്കാലത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപള്ളി രാമചന്ദ്രനെയും പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചു.