തിരുവനന്തപുരം: ഡയസിൽ കയറി പ്രതിഷേധം നടത്തിയ എംഎൽഎമാരെ സ്പീക്കർ ശാസിച്ച നടപടിയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കക്ഷി നേതാക്കളോട് ആലോചിക്കാതെയാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ നടപടി. സഭയ്ക്ക് നൽകിയ ഉറപ്പുകൾ അദ്ദേഹം ലംഘിച്ചു. സ്പീക്കർ കഴിഞ്ഞകാല നടപടികൾ മറക്കരുതെന്നും ചെന്നിത്തല വിമർശിച്ചു.
ബിജെപി അംഗം ഒ. രാജഗോപാൽ പറഞ്ഞതനുസരിച്ചാണോ സ്പീക്കറുടെ നടപടിയെന്ന് വ്യക്തമാക്കണം. കക്ഷി നേതാക്കളുടെ യോഗത്തിൽ രാജഗോപാൽ മാത്രമാണ് എംഎൽഎമാർക്കെതിരേ നടപടി ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു. എംഎൽഎയ്ക്ക് മർദനമേറ്റ സംഭവം സഭയിൽ ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷം ബാദ്ധ്യസ്ഥരാണെന്നും ചെന്നിത്തല വ്യക്തമാക്കി.