കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവമടങ്ങിയതിനു പിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തിരക്കിലേക്കു വീണ്ടും കേരളം. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട നാല് നിയമസഭാംഗങ്ങളുടേത് അടക്കം സംസ്ഥാനത്ത് ആറിടത്തെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണു തുടങ്ങിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നു പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാൽ 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കണം. പാർലമെന്റിലും നിയമസഭയിലും ഒരേ സമയം ഇരട്ടപ്പദവി വഹിക്കുന്നതു വിലക്കിക്കൊണ്ടുള്ള പ്രൊഹിബിഷൻ ഓഫ് സൈമൾട്ടേനിയസ് മെന്പേഴ്സ് റൂളിന്റെ അടിസ്ഥാനത്തിലാണ് രാജി സമർപ്പിക്കേണ്ടത്.
എന്നാൽ, വിജയിച്ച എംഎൽഎമാർക്ക് ഈ കാലയളവിനിടയിൽ നിയമസഭയിലെത്തുന്നതിനു നിയമപരവും സാങ്കേതികവുമായ തടസമില്ല. 27നു നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്പോൾ സഭാ നടപടികളിൽ പങ്കെടുക്കാം. രാജിവച്ചാൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കണമെന്നാണു തെരഞ്ഞെടുപ്പു ചട്ടത്തിൽ പറയുന്നത്. സഭയുടെ കാലാവധി തീരാൻ ഒരു വർഷത്തിനു താഴെ സമയം മാത്രമാണെങ്കിൽ ഉപതെരഞ്ഞെടുപ്പു വേണമെങ്കിൽ ഉപേക്ഷിക്കാം.
കേരള കോണ്ഗ്രസ് നേതാവ് കെ.എം. മാണി അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന പാലാ നിയമസഭാ മണ്ഡലത്തിലും ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. ഏപ്രിൽ ഒൻപതിനാണു കെ.എം. മാണി അന്തരിച്ചത്. ഇപ്പോൾ ഒന്നര മാസം പിന്നിട്ട സാഹചര്യത്തിൽ നാലര മാസമാണ് അവശേഷിക്കുന്നത്. മഞ്ചേശ്വരത്ത് പി.ബി. അബ്ദുൾ റസാക്കിന്റെ നിര്യാണ ത്തെത്തുടർന്നുണ്ടായ ഒഴിവിലും ഉപതെരഞ്ഞെടുപ്പ് വേണം.
മറ്റു പല സംസ്ഥാനങ്ങളിലും നിയമസഭാംഗങ്ങൾ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വൈകാതെ രാജ്യമാകെ ഒന്നിച്ചു ഉപതെരഞ്ഞെടുപ്പു നടത്തുന്പോൾ കേരളത്തിലുമുണ്ടാകുമെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ഇതിന്റെ ഭാഗമായിട്ടാണു മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചത്.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താനുള്ള അനൗപചാരിക ചർച്ചകൾ രാഷ്ട്രീയ പാർട്ടികളും മുന്നണികളും ആരംഭിച്ചിട്ടുണ്ട്. വടകരയിൽ വിജയിച്ച കെ. മുരളീധരൻ പ്രതിനിധീകരിച്ചിരുന്ന വട്ടിയൂർക്കാവ്, ആറ്റിങ്ങലിൽ വിജയിച്ച അടൂർ പ്രകാശിന്റെ കോന്നി, ആലപ്പുഴയിൽ വിജയിച്ച എ.എം. ആരിഫ് പ്രതിനിധീകരിച്ച അരൂർ, ഹൈബി ഈഡന്റെ എറണാകുളം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.