തിരുവനന്തപുരം: നിയമസഭയിൽ അമ്പരപ്പിക്കുന്ന നാടകീയ രംഗങ്ങൾ. നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രസംഗം അവസാനിപ്പിച്ചു.
നിയമസഭയെ അഭിസംബോധന ചെയ്ത ശേഷം താന്‍ അവസാന ഖണ്ഡിക മാത്രമേ വായിക്കൂ എന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു.
ഇത് വായിച്ച് ഒന്നേമുക്കാൽ മിനിറ്റ് കൊണ്ട് തന്നെ ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ ദേശീയ ഗാനത്തിന് ശേഷം ഗവര്‍ണര്‍ സഭ വിട്ടിറങ്ങി. ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി. ഇതോടു കൂടി ഇന്നത്തെ സഭാ നടപടികൾ അവസാനിച്ചു.
നയപ്രഖ്യാപനത്തിനായി നിയമസഭാ മന്ദിരത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, പാര്‍ലമെന്ററികാര്യമന്ത്രി കെ.രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
മുഖ്യമന്ത്രിയില്‍നിന്ന് പൂച്ചെണ്ട് സ്വീകരിച്ചെങ്കിലും ഇരുവരും തമ്മിൽ ഹസ്തദാനം ഉള്‍പ്പെടെയുള്ള ഉപചാരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
26, 27, 28 തീയതികളില്‍ നിയമസഭാ സമ്മേളനം ഉണ്ടാകില്ല. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച 29, 30, 31 തീയതികളില്‍ നടക്കും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബജറ്റ് ചര്‍ച്ച. മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.