ന്യൂഡൽഹി: ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ആശയത്തെ നാല് പാർട്ടികൾ അനുകൂലിച്ചപ്പോൾ എതിർത്തത് ഒമ്പത് പാർട്ടികൾ. എന്നാൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാതെ ഭരണകക്ഷിയായ ബിജെപിയും മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസും മാറിനിന്നു. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നിര്‍ദേശത്തില്‍ നിയമ കമ്മീഷന് നടത്തുന്ന കൂടിയാലോചനയിൽനിന്നാണ് ബിജെപിയും കോൺഗ്രസും വിട്ടുനിന്നത്. രണ്ടു ദിവസമായി നടന്നുവന്ന കൂടിയാലോചന അവസാനിച്ചു.
സംയുക്ത തെരഞ്ഞെടുപ്പെന്ന നിര്‍ദേശത്തെ ശിരോമണി അകാലിദളും എഡിഎംകെയും സമാജ്വാദി പാർട്ടിയും ടിആർഎസും പിന്തുണച്ചു. എന്നാൽ ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോർവേർഡ് പാർട്ടി ആശയത്തെ എതിർത്തു. തൃണമൂൽ കോൺഗ്രസ്, എഎപി, ഡിഎംകെ, ടിഡിപി, സിപിഐ, സിപിഎം, ഫോർവേഡ് ബ്ലോക്ക്, ജനതാദൾ എന്നിവരും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിർത്തു.
തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനോട് യോജിപ്പാണങ്കിലും വിഷയത്തിൽ അഭിപ്രായം പറയാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ബിജെപി പറഞ്ഞു. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി സംസാരിച്ച ശേഷം അഭിപ്രായം പറയാമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്.
ഇരുതെരഞ്ഞെടുപ്പുകളും 2019ലും 2024ലും രണ്ടു ഘട്ടമായി നടപ്പാക്കാമെന്നാണു നിയമ കമ്മിഷൻ നിർദേശം. ഇതിനായി ലോക്സഭയുടെയും നിയമസഭകളുടെയും കാലാവധി സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകളിൽ ഭേദഗതി വരുത്തുകയും ഭൂരിപക്ഷം സംസ്ഥാനങ്ങളും അംഗീകരിക്കുകയും ചെയ്യണം. ജനപ്രാതിനിധ്യ നിയമത്തിലെ ചില വ്യവസ്ഥകൾ പാർലമെന്റിൽ ഭേദഗതി ചെയ്യണം.
അസം, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ 2019ലും യുപി, ഗുജറാത്ത്, കർണാടക, ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 2024ലും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താമെന്നാണു നിർദേശം.