തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ മാർക്ക് ദാന വിവാദം സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും മന്ത്രിക്ക് സർവകലാശാല നടപടികളിൽ ഇടപെടാൻ അധികാരമില്ലെന്നും സതീശൻ പറഞ്ഞു.
സർവകലാശാലകളിൽ ചാൻസലറുടെ അഭാവത്തിൽ മാത്രമാണ് പ്രോ ചാൻസലർക്ക് അധികാരമുള്ളത്. ധർമ്മ സംസ്ഥാപനത്തിനായി മന്ത്രി അവതരിക്കണോയെന്നും സതീശൻ പരിഹസിച്ചു. അതേസമയം, മറുപടിയിൽ നേരത്തത്തെ നിലപാട് ആവർത്തിച്ച് മന്ത്രി കെ.ടി. ജലീൽ രംഗത്തെത്തി. മോഡറേഷൻ തീരുമാനം സിൻഡിക്കേറ്റിന്റേതാണ്. തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുത്തിട്ടില്ല. മലപോലെ വന്നത് എലിപോലെ പോയെന്നും മന്ത്രി പറഞ്ഞു.
കട്ട മുതൽ തിരിച്ച് കൊടുത്തത് കൊണ്ട് കളവ് കളവല്ലാതാകുന്നില്ലെന്ന് വിഷയത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. മാർക്ക് കുംഭകോണമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും ഇത് കള്ളക്കണിയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.