തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ കന്പനിക്ക് നൽകിയ കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. വിമാനത്താവള പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിനും സഭ വേദിയായി.
സംസ്ഥാന സർക്കാരിന്റെ താല്പര്യം പരിഗണിക്കാതെയാണ് വിമനത്താവളം സ്വകാര്യ വത്കരിച്ചതെന്ന് പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിമാനത്താവള ബിഡ് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം സംസ്ഥാനത്തിന് നൽകണം എന്നും പ്രമേയത്തിൽ പറയുന്നു. കേന്ദ്ര തീരുമാനം പൊതുജന വികാരത്തിന് എതിരാണെന്നും അത് കേന്ദ്രത്തെ നേരത്തെ അറിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ പൊതുവായ വിഷയങ്ങളിൽ എന്നും സർക്കാർ നിലപാടിന് ഒപ്പം പ്രതിപക്ഷം നിന്നിട്ടുണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല വിമാനത്താവള വിഷയത്തിലും സമാന നിൽപാട് ആണ് കൈക്കൊണ്ടതെന്ന് പറഞ്ഞു.
എന്നാൽ പ്രമേയത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്നുവെന്നും പൊതുജനതാൽപര്യം മുൻനിർത്തി പ്രമേയത്തെ പിന്തുണകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തുടർന്ന് പ്രമേയം സഭ പാസാക്കി.