തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങളിലുണ്ടായ കാലതാമസം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. പാറയ്ക്കൽ അബ്ദുള്ള എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
കാലവർഷക്കെടുതിയും ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തനിവാരണസേന എത്താൻ വൈകിയതും ചർച്ച ചെയ്യണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. സംസ്ഥാനത്തെ റവന്യൂ വകുപ്പ് പരാജയമാണെന്നും ദുരന്തനിവാരണ സേന പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കരിഞ്ചോലമലയിൽ ദുരന്തനിവാരണസേന രക്ഷാപ്രവർത്തനങ്ങൾക്ക് എത്താൻ വൈകിയെന്നും മുഖ്യമന്ത്രി കരിഞ്ചോലമല സന്ദർശിക്കണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു.
അതേസമയം കട്ടിപ്പാറ കരിഞ്ചോലയിൽ എല്ലാവിധത്തിലുള്ള രക്ഷപ്രവർത്തനവും നടന്നുവെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മന്ത്രിമാർ കോഴിക്കോട്ട് ക്യാന്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നും മന്ത്രി പറഞ്ഞു. സർക്കാരിനു സാധിക്കുന്ന എല്ലാ സഹായവും മേഖലയിൽ ചെയ്തുവെന്നും മന്ത്രി അടിയന്തപ്രമേയത്തിന് മറുപടിയായി പറഞ്ഞു. ഇതോടെ സ്പീക്കർ നോട്ടീസിന് അനുമതി നിഷേധിക്കുകയായിരുന്നു.