തിരുവനന്തപുരം: രാഷ്ട്രദീപിക വാർത്ത നിയമസഭയിൽ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ വനിതാ കമ്മീഷിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന പോലീസ് നടപടികളെക്കുറിച്ചുള്ള രാഷ്ട്രദീപിക വാർത്ത നിയമസഭയിൽ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഈ മാസം അഞ്ചിന് രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച വനിതാ കമ്മീഷന് പുല്ലുവില നൽകി കേരള പോലീസെന്ന വാർത്തയാണ് രമേശ് ചെന്നിത്തല നിയസഭയിൽ പരാമർശിച്ചത്.
പോലീസിനെതിരെ വനിതാ കമ്മീഷന് പരാതി നൽകിയാൽ അതിനെ അട്ടിമറിക്കാനും പൂഴ്ത്തിവയ്ക്കാനും പോലീസിലെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അതിന് വനിതാ കമ്മീഷനിലെ ഉദ്യോഗസ്ഥർ തന്നെ നേതൃത്വം നൽകുന്നുവെന്ന വാർത്ത രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതു ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തു നിന്നും ഷാനിമോൾ ഉസ്മാനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
അടിയന്തര പ്രമേയം തള്ളിയതിനെ തുടർന്ന് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോകുന്നതിന് മുന്പ് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗത്തിലാണ് രാഷ്ട്രദീപിക വാർത്ത നിയമസഭയിൽ പരാമർശിച്ചത്.