മഞ്ചേരി: ഒന്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ പ്രതി മഞ്ചേരി ചെരണി കുന്നത്ത് നടുത്തൊടി നിയാസി(32)നെതിരെ കൂടുതൽ പീഡനപരാതികളുമായി സ്ത്രീകൾ രംഗത്ത്.
പ്രതി പിടിയിലായ വിവരമറിഞ്ഞ് പത്തോളം പേർ പരാതിയുമായി എത്തിയിട്ടുണ്ട്. ഒരേ സമയം നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്ന ഇയാൾ പിടിക്കപ്പെട്ടതറിയാതെ നിരവധി സ്ത്രീകൾ ഇയാളുടെ ഫോണിലേക്കു വിളിച്ചു കൊണ്ടിരിക്കുന്നതായും പോലീസ് പറഞ്ഞു.
നിയാസിനെ ചോദ്യം ചെയ്തതിൽ മറ്റൊരു യുവതിയെയും ഇയാൾ ഇത്തരത്തിൽ മാസങ്ങളോളമായി മറ്റൊരു ലോഡ്ജിൽ താമസിപ്പിച്ചു വന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഭർതൃമതികളായ യുവതികളുടെ ഫോണ് നന്പർ സംഘടിപ്പിച്ച് അവരുമായി അടുപ്പം സ്ഥാപിച്ച് പണവും ആഭരണങ്ങളും തന്ത്രപൂർവം കൈക്കലാക്കി അവരെ ഭീഷണിപ്പെടുത്തി ശാരീരികമായി ഉപയോഗിക്കുന്നതാണ് നിയാസിന്റെ രീതി. യുവതികളെ ലോഡ്ജിൽ താമസിപ്പിച്ചാണ് പീഡനം.
കൂടുംബിനികളായതിനാൽ പരാതിപ്പെടാത്തതും ഇയാൾക്ക് തുണയായി. അടുപ്പം കൂടുന്ന സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന പ്രതി പിന്നീട് ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരിൽ നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിരുന്നത്. ഒന്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നിയാസിനെയും കുട്ടിയുടെ മാതാവിനെയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കുട്ടിയുടെ മാതാവുമായി ഫോണ് വഴി പരിചയപ്പെട്ട യുവാവ് പിന്നിട് ഇവരുമായി അടുക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ രണ്ടു മാസം മുന്പ് യുവതിയുടെ ബന്ധുക്കൾ കയ്യോടെ പിടികൂടിയിരുന്നു.
തുടർന്നു അന്നു രാത്രി തന്നെ ഇയാളുടെ കൂടെ പോയ യുവതിയുമായി കോഴിക്കോട് ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു. ഈ ബന്ധം മുതലെടുത്ത യുവാവ് പതിനാലുകാരിയായ മകളെയും പീഡിപ്പിക്കുകയായിരുന്നു.
ഈ വിവരം കുട്ടി പറഞ്ഞെങ്കിലും ആരോടും പറയരുതെന്നു പറഞ്ഞ് മാതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ടെ ലോഡ്ജിൽ വച്ചാണ് ഇവരെ പിടികൂടിയത്. മണൽ, മണ്ണ് മാഫിയയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതിയുടെ പേരിൽ അനധികൃത മണൽ കടത്തലിന് മഞ്ചേരി സ്റ്റേഷനിൽ കേസുണ്ട്.
മഞ്ചേരി സിഐ എൻ.ബി ഷൈജു, എസ്ഐ ജലീൽ കറുത്തേടത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, ദിനേശ്, എൻ. സൽമ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.