ബർലിൻ: ജർമനിയിൽ ഒരു നിയോ നാസി കൗണ്സിലർക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിന് മേയർക്കെതിരേ നിയമ നടപടി. തുരിംഗിയയിലെ എയ്സനാച്ചിൽ മേയറായ കാത്യ വോൾഫിനെതിരേയാണ് ഹസ്തദാനം നിഷേധിക്കപ്പെട്ട പാട്രിക് വീഷ്കെ ഹർജി നൽകിയിരിക്കുന്നത്.
തീവ്ര വലതുപക്ഷ പാർട്ടിയായ എൻപിഡിയിൽ അംഗമാണ് വീഷ്കെ. ഇയാൾ മുൻപ് നിയോ നാസി പ്രവർത്തനങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. മേയർ തനിക്കു ഹസ്തദാനം നൽകണമെന്നു കോടതി നിർദേശിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെടുന്നത്.
കബാബ് ഷോപ്പിൽ ബോംബ് വച്ചതിനും, പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ആക്രമിച്ചതിനുമൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ് വീഷ്കെ.
അതേസമയം, മേയർ കാത്യ വോൾഫ് ഇടതുപക്ഷ ഡൈ ലിങ്കെ പാർട്ടിയുടെ പ്രതിനിധിയാണ്. നിയമം തന്റെ ഭാഗത്തായിരിക്കുമെന്നാണ് അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഒരാൾ മറ്റൊരാൾക്ക് ഹസ്തദാനം നൽകാൻ കോടതിക്കു നിർബന്ധിക്കാനാവില്ലെന്നും, അത് ഭരണഘടനാവിരുദ്ധമാണെന്നും കാത്യ പറയുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ