പാറ്റ്ന: 125 സീറ്റോടെ എൻഡിഎ അധികാരം നിലനിർത്തിയ ബിഹാറിൽ നിതീഷ്കുമാർ മുഖ്യമന്ത്രിയാകും. നിതീഷിനു മുഖ്യമന്ത്രിസ്ഥാനം നല്കുമെന്ന വാഗ്ദാനം ബിജെപി പാലിക്കുമെന്നാണു റിപ്പോർട്ട്.
സർക്കാർ രൂപവത്കരണം സംബന്ധിച്ച് ബിജെപിയും ജെഡി-യുവും ചർച്ചകൾ ഊർജിതമാക്കി.
ജെഡി-യുവിനേക്കാൾ മുപ്പതിലേറെ സീറ്റുകൾ അധികമുള്ള ബിജെപി മുന്തിയ വകുപ്പുകളും കൂടുതൽ മന്ത്രിസ്ഥാനവും കൈക്കലാക്കുമെന്നാണു സൂചന.
എൻഡിഎയ്ക്കു ഭൂരിപക്ഷം നല്കിയ ബിഹാറി ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി അറിയിക്കുന്നുവെന്നും ഇന്നലെ നിതീഷ്കുമാർ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനമുണ്ടായശേഷം നിതീഷ്കുമാറിന്റെ ആദ്യ പ്രതികരണമാണിത്.
പ്രതിപക്ഷമായ മഹാസഖ്യത്തിന് 110 സീറ്റാണുള്ളത്. മറ്റു പാർട്ടികൾ എട്ടു സീറ്റു നേടി. ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് എൻഡിഎ അധികാരം നിലനിർത്തിയത്.
75 സീറ്റുള്ള ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 74 സീറ്റോടെ ബിജെപി തൊട്ടടുത്തെത്തി. ജെഡി-യു 43 സീറ്റും കോൺഗ്രസ് 19 സീറ്റും നേടിയപ്പോൾ ഇടതുപാർട്ടികൾ 16 സീറ്റിൽ വിജയിച്ചു.
വോട്ടെണ്ണലിൽ ക്രമക്കേടുണ്ടായെന്ന് ഇടതു പാർട്ടികൾ ഇന്നലെ പരാതിയുന്നയിച്ചു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് ഇടതുപാർട്ടി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടം വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരം നടന്ന വിജയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷ്കുമാറിന്റെ സത്യപ്രതിജ്ഞ ദീപാവലിക്കുശേഷം നടക്കുമെന്നാണു റിപ്പോർട്ട്. ബിഹാറിൽ നിതീഷ്കുമാർ 14 വർഷം മുഖ്യമന്ത്രിയായിരുന്നു. 2000ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്.