തൃശൂർ: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് നിസാമിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നിസാമിൽനിന്നു വധഭീഷണിയുണ്ടെന്നു സഹോദരങ്ങളുടെ പരാതിയിലാണ് അന്വേഷണം. സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ്, ബിസിനസ് പാർട്ണർ ബഷീർ അലി എന്നിവർ ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഗുണ്ടകൾക്കു നിസാം പണം നല്കിയിട്ടുണ്ടെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് രേഖകൾ സഹിതമാണ് പരാതി നല്കിയത്. ഇപ്പോൾ ജയിലിൽ കഴിയുന്ന രണ്ടു ഗുണ്ടകളുടെ ബന്ധുക്കൾക്കു നിസാമിന്റെ ഓഫീസിൽനിന്നു പണം നൽകിയെന്നാണ് സഹോദരങ്ങളുടെ ആരോപണം. നിസാമിന്റെ സഹോദരങ്ങളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
ജീവൻ അപകടത്തിലാണെന്നും സുരക്ഷ വേണമെന്നും ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. കണ്ണൂർ ജയിലിൽനിന്നു പൂജപ്പുരയിലേക്കു മാറ്റണമെന്നും നിസാമിന്റെ സഹോദരങ്ങൾ ജയിൽ അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്.