തിരുവനന്തപുരം: ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ 157 പേർ കേരളത്തിൽനിന്ന് പങ്കെടുത്തു. എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ ഇതിൽ ഉൾപ്പെടുന്നു.
ഇവരുടെ വിശദാംശം സർക്കാർ ശേഖരിച്ചിട്ടുണ്ട്. രോഗം സംശയിക്കുന്ന ആളുകൾ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലാണ്. ചിലർ ഡൽഹിയിൽ തന്നെയാണുള്ളത്.
നിസാമുദീനിൽനിന്ന് എത്തി രോഗം സ്ഥിരീകരിച്ചയാളുടെ സ്വദേശമായ പോത്തൻകോട് ശക്തമായ നിയന്ത്രണങ്ങളുണ്ട്. എന്നാൽ, അത് ജനജീവിതം സ്തംഭിക്കുന്ന നിലയിലേക്ക് പോകരുത്.
ഒരു കുടുംബത്തെയും ഒറ്റപ്പെടുത്താൻ പാടില്ല. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തെ അകറ്റിനിർത്തുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം സമൂഹത്തിലും ശ്രദ്ധയുണ്ടാകണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
അവിടെ ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകർ ഉൾപ്പെടെ മുൻകരുതലുകളില്ലാതെ ആളുകളുമായി ഇടകലർന്ന് ഓടിനടക്കുന്നു എന്നാണു പറയുന്നത്. ആരും വൈറസ് ഭീഷണിക്കതീതരല്ല.
കൃത്യമായ ബോധവൽക്കരണവും നിയന്ത്രണവും അവിടെ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.