തൃശൂർ: രാത്രികാലങ്ങളിൽ ആർക്കും എവിടെയും സധൈര്യം സഞ്ചരിക്കാൻ ഇനി കേരള പൊലീസിന്റെ “നിഴൽ’ പദ്ധതി. രാത്രിയാത്രകളിൽ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും പ്രയാസങ്ങളില്ലാതെ സഞ്ചരിക്കാൻ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതിയാണ് നിഴൽ. രാത്രിയിൽ വാഹനങ്ങൾക്കു തകരാറുകൾ സംഭവിക്കുകയോ വാഹന അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ പോലീസ് സഹായം ഉറപ്പുവരുത്താനാകുന്ന പദ്ധതിയാണ് നിഴൽ.
ഇതിനായി യാത്രികർക്ക് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം കമാൻഡ് സെന്ററിലെ 112 എന്ന നന്പറിൽ വിളിക്കാം. യാത്രിക്കാർ കമാൻഡ് സെന്ററുമായി ബന്ധപ്പെടുന്പോൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി യാത്രചെയ്യുന്ന ആളെയും നിൽക്കുന്ന സ്ഥലവും ട്രാക്ക് ചെയ്യും.
തുടർന്നു സന്ദേശങ്ങൾ കണ്ട്രോൾ റൂമുകൾവഴി മൊബൈൽ ഡാറ്റ ടെർമിനലുകൾ ഘടിപ്പിച്ച വാഹങ്ങളിലേക്കു കൈമാറും. ഇങ്ങനെ നിമിഷനേരം കൊണ്ട് രാത്രിയിൽ യാത്ര ചെയ്യുന്നവർക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങൾ പരിഹരിക്കുകയാണ് നിഴൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
ഈ സേവനം ഉപയോഗിച്ച് 29-നു തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെയുള്ള ദീർഘദൂര യാത്രയ്ക്കിടെ ചിറങ്ങര സിഗ്നലിനു സമീപം കാറിന്റെ ടയർ പഞ്ചറായ യാത്രിക 112 വിളിച്ചു കണ്ട്രോൾ റൂമുമായി ബന്ധപ്പെടുകയും തുടർന്ന് കൊരട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പഞ്ചർ ശരിയാക്കി യാത്രതുടരുകയും ചെയ്തിരുന്നു.