കിഴക്കമ്പലം: ഞാലിപ്പൂവൻ വില ദിവസംതോറും കുതിച്ചുയരുന്നു. ഒരാഴ്ച മുമ്പു വരെ 40-50 രൂപ നിരക്കിലായിരുന്ന ചില്ലറവില 80 കടന്നു. ഓണക്കാലം വരാനിരിക്കേ നിലവിലുള്ള സാഹചര്യമനുസരിച്ചു വില മൂന്നക്കത്തിലെത്തുമെന്നു വ്യാപാരികൾ പറയുന്നു. വില കുത്തനെ കയറിയതോടെ മലയാളിയുടെ തീൻമേശയിൽനിന്നു ഞാലിപ്പൂവൻ ഏറെക്കുറെ ഔട്ടായനിലയിലാണ്.
അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വിലകയറാൻ പ്രധാന കാരണം. തമിഴ്നാട്ടില്‍ മഴയില്ലാത്തതിനാല്‍ അവിടെ കൃഷിനാശമുണ്ടായിട്ടുണ്ട്. മേട്ടുപ്പാളയത്തുനിന്നാണു കേരളത്തിലേക്കു കൂടുതലും ഞാലിപ്പൂവനെത്തിയിരുന്നത്. കഴിഞ്ഞവര്‍ഷത്തെ പ്രളയം കേരളത്തിലെ ഞാലിപ്പൂവന് കൃഷിക്കു കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു. വ്യാപകമായി ചീച്ചില്‍ രോഗവും പിടിപെട്ടു.
എറണാകുളം ജില്ലയിൽ അങ്കമാലി, കാലടി മേഖലകളില്‍നിന്നും ഇടുക്കിയില്‍നിന്നും ഞാലിപ്പൂവന് എത്തുന്നുണ്ടെങ്കിലും ആവശ്യത്തിനു തികയുന്നില്ല. ഞാലിപ്പൂവൻ വില കുതിക്കുകയാണെങ്കിലും ഏത്തക്കായുടെ വില കുറഞ്ഞുനിൽക്കുകയാണ്. 35-45 രൂപ നിരക്കില്‍ ഏത്തക്കായ വിപണിയില്‍ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇതൽപം ആശ്വാസം പകരുന്നുണ്ട്.