സമീപകാല മലയാള സിനിമയില്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ കൂട്ടുകെട്ടാണ് രഞ്ജിത്ത ശങ്കര്‍ ജയസൂര്യ ടീമിന്റേത്. പുണ്യാളന് അഗര്‍ബത്തീസ്, സു സു സുധീ വാത്മീകം, പ്രേതം തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളാണ്. വിജയ സന്തോഷത്തില്‍ പുതിയ ചിത്രവുമായി എത്തുകയാണ് ഇവര്‍.
‘ഞാന്‍ മേരിക്കുട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരം രഞ്ജിത് ശങ്കര്‍ തന്നെയാണ് പുറത്തു വിട്ടത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കാണ് കൗതുകം ഉണര്‍ത്തുന്നത്. സാനിട്ടറി പാഡിനുള്ളിലാണ് ടൈറ്റില്‍ എഴുതിയിരിക്കുന്നത്. ‘ഞങ്ങള്‍ വീണ്ടുമെത്തുന്നു, കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി… ഞാന്‍ മേരിക്കുട്ടി’ സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഡ്രീംസ് ആന്റ് ബിയോണ്ട്സ് ബാനറില്‍ പുണ്യാളന് സിനിമാ റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.