പത്മരാജന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഞാൻ ഗന്ധർവൻ. ചിത്രത്തിലെ ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം… എന്ന മനോഹര ഗാനം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
എന്നാൽ ഈ ഗാനം ചിത്രത്തിൽ നിന്നു മാറ്റാൻ ആലോചിച്ചിരുന്നുവെന്നും അതിന്റെ പേരിൽ നിർമാതാവുമായും സംസാരമുണ്ടായതായും ഗാനരച യിതാവ് കൈതപ്രം ദാമോദരൻ നന്പൂതിരിയുടെ വെളിപ്പെടുത്തൽ.
ഗാനഗന്ധർവൻ യേശുദാസിന് ജോണ്‍സന്റെ പാട്ടുകളിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ളതു ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിലെ ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം…’ എന്ന ഗാനമാണെന്നു പറയുന്നു.
കൈതപ്രത്തിന്റെ വരികൾ ഭാവസാന്ദ്രമായാണു ജോണ്സണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ ഗാനത്തിനു ക്ലാസിക്കൽ ടച്ച് പോരാ എന്നു പ്രൊഡ്യൂസർ ഗുഡ്നൈറ്റ് മോഹന്റെ കുടെയുള്ള ചില സുഹൃത്തുക്കൾക്ക് അഭിപ്രായമുണ്ടായിരുന്നു.
പത്മരാജനെപ്പോലും സമ്മതിപ്പിച്ച് അവർ തൃശൂരിലേക്കു ഞങ്ങളെ വിളിപ്പിച്ചു പാട്ടുമാറ്റാൻ നിർബന്ധിച്ചു. കാര്യമറിഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും സങ്കടപ്പെട്ടു.
ഇത്രയും നല്ല ഗാനം ഈ ചിത്രത്തിലില്ലെങ്കിൽ പ്രൊഡ്യൂസർക്കുകൂടി വരുന്ന നഷ്ടത്തെയോർത്തു രാത്രി ഗുഡ്നൈറ്റ് മോഹനുമായി ജോണ്സണ് നന്നായി ഏറ്റുമുട്ടിയെന്നും കൈതപ്രം പറയുന്നു.
ആ പാട്ടില്ലെങ്കിൽ ഞാനുമില്ല എന്ന് ജോണ്സണ് നിലപാട് എടുത്തതുകൊണ്ടും അദ്ദേഹവുമായുള്ള സൗഹൃദത്തിനു ഗുഡ്നൈറ്റ് മോഹൻ വലിയ വില കൊടുത്തിരുന്നതു കൊണ്ടും ആ മനോഹരഗാനം ആസ്വദിക്കാനുള്ള ഭാഗ്യം നമുക്കുണ്ടായി എന്ന് കൈതപ്രം ഒരിക്കൽ പറഞ്ഞു. -പി.ജി