സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിന്റെ നാടക അരങ്ങുകളിൽ വിസ്മയം തീർത്ത കലാനിലയം കുടുംബത്തിലെ പുതിയ തലമുറയും അരങ്ങിലേക്ക്.
കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ഞാൻ…ഉടൽ…മനസ്.. എന്ന ഏകകഥാപാത്ര നാടകത്തിൽ കലാനിലയം കൃഷ്ണൻനായരുടെ മകൻ അനന്തപത്മനാഭന്റെ മകൾ ഗായത്രി പത്മനാഭനാണ് അരങ്ങിലെത്തുന്നത്.
നേരത്തെ കലാനിലയത്തിന്റെ ഹിഡിംബി എന്ന നാടകത്തിൽ ടൈറ്റിൽ കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിട്ടുണ്ട്.
ഈ മാസം ഏഴിനു തൃശൂർ റീജണൽ തിയറ്ററിലാണ് ഞാൻ…ഉടൽ…മനസ് എന്ന ഏകകഥാപാത്ര നാടകത്തിന്റെ അവതരണം.
മഹാകവി വള്ളത്തോളിന്റെ കൊച്ചുസീത എന്ന പ്രശസ്തമായ കവിതയുടെ വർത്തമാനകാല വ്യാഖ്യാനമാണ് ഈ നാടകം എന്ന് അണിയറപ്രവർത്തകർ പറഞ്ഞു. സ്ത്രീശാക്തീകരണമാണ് സാരാംശം. ഒരു മണിക്കൂറാണ് ദൈർഘ്യം.
സുരേഷ്ബാബു ശ്രീസ്ഥയാണ് നാടകഭാഷ്യം ഒരുക്കുന്നത്. മനോജ് നാരായണനാണ് സംവിധാനം. അണിയറയിൽ അനന്തപത്മനാഭൻ, എം.എം.സചീന്ദ്രൻ, സുരേഷ് നന്ദൻ, കലാമണ്ഡലം കൃഷ്ണകുമാർ, കോട്ടയ്ക്കൽ മധു എന്നിവരുമുണ്ട്.
വൈകീട്ട് ആറിനു പ്രഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്യും. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യാതിഥിയായിരിക്കും.
തൃശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണൽ, ശ്രീ രാധാകൃഷ്ണ കോഫി ക്ലബ് എന്നിവിടങ്ങളിൽ നാടകത്തിന്റെ പാസുകൾ ലഭ്യമാണെന്നും ഓണ്‍ലൈൻ വഴിയും പാസെടുക്കാമെന്നും 9387115485, 7012631738 നന്പറുകളിൽ ബന്ധപ്പെടണമെന്നും കോവിഡ് മാനദണ്ഡം പാലിക്കണമെന്നതിനാൽ കുറച്ചു പാസുകൾ മാത്രമേ നൽകുന്നുള്ളുവെന്നും അനന്തപത്മനാഭൻ പറഞ്ഞു.