വൈപ്പിന്‍: ദുരൂഹ സാഹചര്യത്തില്‍ ഞാറക്കലെ മൂന്നംഗ കുടുംബത്തിലെ രണ്ട് പേര് മരിച്ച സംഭവത്തില്‍ കഴുത്തില്‍ കുരുക്കുമുറുകിയതാണ് മരണകാരണെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക നിഗമനം. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴുത്തില്‍ കുരുക്കിട്ട് മറ്റേ അറ്റം ജനല്‍ കമ്പിയില്‍ കെട്ടി വലിഞ്ഞ് തറയില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പക്ഷേ ഇവരുടെ കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിഞ്ഞ് രക്തം വാര്‍ന്ന് മുറിയാകെ ഒഴുകിയിരുന്നു. മുറിക്കാനുപയോഗിച്ച ബ്ലേഡുകളും പോലീസ് മുറിയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഞാറയ്ക്കല്‍ പള്ളിക്ക് കിഴക്ക് ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്റെ മക്കളായ ജെസി(49), സഹോദരന് ജോസ്(51) എന്നിവരെ ബുധനാഴ്ച രാത്രിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ അവശനിലയില്‍ കണ്ട ഇവരുടെ വൃദ്ധമാതാവ് റീത്ത ഇപ്പോഴും ആശുപത്രിയിലാണ്.
റീത്തയുടെ മൊഴിയെടുക്കാന്‍ ഇപ്പോഴും പോലീസിനായിട്ടില്ല. മൂവരും മാനസീകാസ്വസ്ഥ്യങ്ങള്ക്ക് ചികിത്സയിലായിരുന്നതിനാലും പുറത്തുനിന്ന് ഒരാള്‍ അകത്ത് കയറിയ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാലും മരണത്തില്‍ ദുരൂഹതക്ക് സ്ഥാനമില്ലെന്നാണ് പോലീസിന്റെ നിഗമനം.
മാത്രമല്ല വീടിനകത്ത് സൂക്ഷിച്ചിരുന്ന 29,78,015 രൂപയും 210. 220 ഗ്രാം സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെടുകയോ മോഷണ ശ്രമം ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു.അമ്മയുടെ മൊഴിയും ഫോറന്‍സിക് പരിശോധനാ ഫലവും വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമെ മറ്റ് വിശദാംശങ്ങള്‍ വ്യക്തമാകുവെന്നും പോലീസ് പറഞ്ഞു.
അമ്മയുടെ ദേഹത്ത് മുറിവുകളൊന്നുമില്ല. രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതെ തളര്‍ന്ന അവസ്ഥയില്‍ ഇവര്‍ക്ക് ബോധം നഷ്ടമായതാണത്രേ. മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ഞാറക്കല്‍ സെന്റ് മേരീസ് പള്ളിയില്‍ സംസ്കരിച്ചു.
പോലീസ് കേസെടുത്ത് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പി പി.കെ. ബിനുകുമാറിനെ കൂടാതെ ഞാറക്കല്‍ എസ്ഐ രാജന് കെ. അരമന, എസ്ഐ എ.കെ. സുധീര്‍, പഞ്ചായത്ത വൈസ് പ്രസിഡന്റ് മിനി രാജു എന്നിവരും സ്ഥലത്തെത്തി.