വൈപ്പിന്‍: ഞാറക്കല്‍ സഹകരണബാങ്ക് പ്യൂണ്‍ നിയമനം വിവാദത്തിലേക്ക്. ഇന്റർവ്യൂവിലേക്കുള്ള ചോദ്യങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡംഗം ചോര്‍ത്തി നല്കുന്നു എന്നരീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശബ്ദസന്ദേശം പ്രചരിച്ചതോടെയാണ് നിയമനം വിവാദമായത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് ഞാറക്കല്‍ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.ഭരണ സമിതി അപേക്ഷകരെ വഞ്ചിച്ചുവെന്നാണ് ബാങ്കിനെതിരേ ഇവരുയര്‍ത്തുന്ന ആരോപണം.
ഈ സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ബാങ്കിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ആരോപണവിധേയനായ ഡയറക്ടറെ സസ്പെൻഡ് ചെയ്യണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിന്‍ ബാബു ആവശ്യപ്പെടുന്നത്. വന്‍തുക കോഴവാങ്ങിയാണ് ഇന്റര്‍വ്യൂവിനുള്ള ചോദ്യങ്ങള്‍ ഫോണിലൂടെ മുന്‍കൂര്‍ നല്‍കിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ബാങ്കിന്റെ സ്ഥാപകന്റെ പേര്, ശാഖകള്‍, എക്സ്റ്റന്‍ഷന്‍ കൗണ്ടറുകള്‍ എത്രയെന്നുമൊക്കെ ഡയറക്ടറെന്ന രീതിയിൽ ഫോണിലൂടെ പറഞ്ഞ് പഠിപ്പിക്കുന്നതാണ് ഓഡിയോ. ഇതൊക്കെയാണ് ഇന്റര്‍വ്യൂവിനു ചോദിക്കുന്നതെന്നും ശരിക്ക് പഠിച്ചോ എന്നും പറയുന്ന ഓഡിയോ ക്ലിപ്പിംഗില്‍ ഞാനാണ് വിളിച്ചതെന്ന് പുറത്താരും അറിയരുതെന്നും ഇടയ്ക്കിടെ പറയുന്നുണ്ട്.
മൂന്ന് പ്യൂണ്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ബാങ്ക് അടുത്തിടെയാണ് പത്രപ്പരസ്യം നല്‍കിയിരുന്നത്. ഇതിനിടയിലാണ് ഇന്റര്‍വ്യൂവിനുള്ള ചോദ്യങ്ങള്‍ പുറത്തായത്.ആരോപണവിധേയന് ഈ ഭരണസമിതിയില്‍ ആദ്യം പ്രസിന്റായിരുന്നു.
നേരത്തെ ഇതേപോലെ ബാങ്ക് നടത്തിയ മറ്റൊരു പ്യൂണ്‍ നിയമനത്തിലെ വിവാദത്തില്‍പ്പെട്ട് ഇടയ്ക്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചതാണ്. ഇതിനിടെയാണ് വീണ്ടും നിയമനക്കുരുക്ക് വിവാദത്തില്‍ പെട്ടിരിക്കുന്നത്.
അത് മുൻ നിയമനത്തിന്റേതാണ്…മറുതലയില്‍ യൂത്ത് കോൺഗ്രസ് നേതാവെന്നും ഡയറക്ടർ
വൈപ്പിന്‍: ഇന്റര്‍വ്യൂവിലെ ചോദ്യം പുറത്തായെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണത്തെതുടര്‍ന്ന് മറുപടിയുമായി ആരോപണവിധേയനായ ഡയറക്ടറും ബാങ്ക് പ്രസിഡന്റും രംഗത്ത്.
ശബ്ദസന്ദേശത്തിന്റെ മറുതലയില്‍ സംസാരിക്കുന്നത് ആരോപണം ഉയര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റേതാണെന്നാണ് ആരോപണവിധേയനായ ഡയറക്ടര്‍ പ്രൈജു ഫ്രാന്‍സീസ് പറയുന്നത്.
രണ്ട് വര്‍ഷം മുമ്പ് പ്യൂണ്‍ നിയമനം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്നത്തെ അപേക്ഷകനായിരുന്ന ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനു ഇന്റര്‍വ്യൂവിനു വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ പറഞ്ഞു കൊടുത്തതാണത്രേ.
എന്നാല്‍ ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ ബാങ്കിന്റെ കലണ്ടര്‍ നോക്കിയാല്‍ ഏതൊരാള്‍ക്കും അറിയാന്‍ കഴിയുമെന്നും പ്രൈജു ഫ്രാന്‍സിസ് പറയുന്നു.എന്നാല്‍ റിക്കാര്‍ഡ് ചെയ്തിരുന്ന ഈ ശബ്ദ സന്ദേശം ഇപ്പോള്‍ തനിക്കെതിരേ ഉപയോഗിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ വിരോധവും വ്യക്തിവിരോധവുമാണൈന്ന് പ്രൈജു പറയുന്നു.
താന്‍ കോണ്ഗ്രസിലായിരിക്കുമ്പോഴായിരുന്നു ആദ്യ നിയമനം നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് വിട്ട് കേരളാ കോണ്‍ഗ്രസ് എമ്മിൽ വരുകയും എല്‍ഡിഫിനൊപ്പം നില്‍ക്കുകയുമാണ്.അതേപോലെ ആരോപണമുന്നയിക്കുന്നയാളുടെ സഹോദരി ബാങ്കില്‍ ട്രെയിനിയായിരുന്നു.
ഇവരുടെ ട്രെയ്നിംഗ്കാലയളവ് നീട്ടിനില്കാത്ത വൈരാഗ്യവും ഇതിനുപിന്നിലുണ്ടത്രേ. അതേസമയം യൂത്ത് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ബാങ്ക് പ്രസിഡന്റ് കെ.എസ്. കിഷോര്‍ കുമാര്‍ അറിയിച്ചു.എഴുത്തുപരീക്ഷ നടത്തുവാനുള്ള ചുമതല പ്രസിഡന്റിനെയാണ് ഭരണസമിതി ഏല്‍പ്പിച്ചിരിക്കുന്നത്.
ഇതുവരെ പരീക്ഷ നടത്തുകയോ നിയമനം നടത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ അഴിമതി നടത്തി എന്ന തരത്തില്‍ ആരോപണമുന്നയിക്കുന്നത് ഈ ഭരണസമിതിയുടെ കാലത്ത് നിയമനം നടക്കാതിരിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് ഇദേഹം വ്യക്തമാക്കി.