ഷാജൻ ആലുവ
അയ്യന്തോൾ: കത്തുന്ന വേനലിൽ പൊള്ളും വിലയുമായി വഴിയോര വിപണിയിൽഞാവൽപഴങ്ങളെത്തി. നാട്ടുപഴങ്ങളിൽ പ്രധാനിയായ ഞാവൽപഴം ഒരുകാലത്ത് മലയാളിയുടെ വീട്ടുവളപ്പിൽ സുലഭമായിരുന്നതാണ്. പിന്നെപ്പിന്നെ ഞാവൽപഴങ്ങളും പതിയെപ്പതിയെ നാടൊഴിഞ്ഞ സ്ഥിതിയായി. ഇപ്പോൾ പണം കൊടുത്ത് വാങ്ങിക്കഴിക്കേണ്ട സ്ഥിതിയായി.
പരീക്ഷയുടെ ആവലാതികളൊഴിഞ്ഞ മധ്യവേനലവധിക്കാലത്ത് കുട്ടികൾ തൊടികളിൽ കയറി ഞാവൽപഴം പറിച്ചുകഴിച്ച് നാവ് വൈലറ്റു നിറമാക്കി പരസ്പരം നീട്ടിക്കാണിച്ച് കളിച്ചിരുന്നതെല്ലാം ഓർമകൾ മാത്രമായി. ഇന്ന് വഴിയോര വിപണിയിൽ ഞാവൽപഴം താരമാണ്. വിലയൽപം കൂടുതലാണെങ്കിലും ആളുകൾ ഞാവൽപഴം വാങ്ങുന്നുണ്ട്.
കേട്ടുപരിചയം മാത്രമുള്ള ഞാവൽപഴം കുട്ടികൾക്കായി വാങ്ങുന്നവരേറെയാണ്. ഒരെണ്ണത്തിന് പത്തുരൂപയും കിലോയ്ക്ക് 600 രൂപയുമാണ് ഞാവൽപഴത്തിന് വഴിയോരവിപണിയിലെ വില. ആർക്കും വേണ്ടാതെ തൊടികളിൽ വീണുകിടന്നിരുന്ന ഞാവൽപഴമാണിപ്പോൾ ഇത്രയും വിലയ്ക്ക് വിപണിയിലെത്തിയിരിക്കുന്നത്.
ഇപ്പോൾ ബാംഗ്ലൂരിൽ നിന്നുമാണ് തൃശൂർ നഗരത്തിലേക്കും പരിസരപ്രദേശങ്ങളിലേക്കും ഞാവൽപഴമെത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി തൃശൂർകാഞ്ഞാണി റോഡിൽ ചുങ്കത്ത് ഞാവൽപ്പഴം വിൽക്കുന്ന പൂത്തോൾ സ്വദേശി ഈ വർഷവും ഞാവൽ പഴകച്ചവടവുമായി എത്തിയിട്ടുണ്ട്. വില കൂടുതലാണെങ്കിലും ഡിമാന്റിന് കുറവില്ലത്രെ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഞാവൽപ്പഴങ്ങൾ മൈസൂരിൽ നിന്നും എത്തി തുടങ്ങും.
ബാംഗ്ലൂർ ഞാവലിനെ അപേക്ഷിച്ചു മൈസൂർ ഞാവൽപ്പഴം വലുതാണ്. കിലോയ്ക്ക് 400 രൂപയാണ് മൈസൂർ ഞാവൽപ്പഴത്തിന്റെ വില. ഞാവൽ, ഞാവുൾ, ഞാറ എന്നീ പേരുകളിൽ പ്രദേശികമായി അറിപ്പെടുന്ന ഞാവലിന് ഒൗഷധഗുണവുമേറെയാണ്. ജീവകം എ യും സിയും അടങ്ങിയിരിക്കുന്ന ഞാവലിന്റെ കുരു പ്രമേഹരോഗത്തിനും മരുന്നായി ഉപയോഗിക്കുന്നുണ്ട്.