പത്തനാപുരം:നിലത്തു വീണ ഞാവല്പഴം മതിയാവോളം രുചിച്ചതും, നീലിച്ച നാവുമായി കൂട്ടുകാര്‍ക്കൊപ്പം നടന്നതുമെല്ലാം പഴയകാലം. ഞാവല്‍ പഴങ്ങള്‍ എന്നും മലയാളിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന നല്ല ഓര്‍മ്മകളാണ്. പണ്ട് കാലത്ത് മിക്ക വീടുകളിലും ഒരു ഞാവല്‍ മരം ഉണ്ടായിരിക്കും.
അതുകൊണ്ടു തന്നെ ഞാവല്‍ പഴത്തിന്റെ രുചിയും ഗുണവും അനുഭവിച്ചവരായിരിക്കും മിക്ക മലയാളികളും. എന്നാല്‍ നാടന്‍ തനിമയുള്ള ഞാവലിനെ മന:പ്പൂര്‍വ്വം നാം മറന്നു എന്നതാണ് സത്യം. ഒരു കീടനാശിനിയും പ്രയോഗിക്കാതെ പ്രകൃതിയുടെ വരദാനമായ ഞാവല്‍ മരങ്ങള്‍ ഗ്രാമങ്ങളിലും അന്യമായി കൊണ്ടിരിക്കുകയാണ്.
മധുരവും ചവര്‍പ്പും കലര്‍ന്ന രുചി വൈവിധ്യം പുതുതലമുറയും അറിയാതെ പോകുന്നു. നാട്ടിന് പുറങ്ങളില്‍ പഴുത്ത് പാകമായി നില്ക്കുന്ന ഞാവല്പഴങ്ങള് നിലത്ത് വീണ് നശിക്കുകയാണ്. പോഷകങ്ങളുടെ കലവറയായ ഞാവല്‍ പഴം ഉപ്പുകൂട്ടി കഴിച്ചാല്‍ പ്രമേഹത്തിന് ശമനം ഉണ്ടാകുമത്രേ. കൂടാതെ ഇതിന്റെ കുരു ഉണക്കി പൊടിച്ച് വെള്ളത്തിലിട്ട് കുടിച്ചാലും പ്രമേഹം വളരെ അധികം കുറയും.
മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും ഞാവല്‍ പ്രധാനിയാണ് . ഞാവലിന്റെ കുരു അരച്ച് മുഖത്ത് പുരട്ടുന്നത് ഉത്തമമാണ് .ഞാവലില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസും ഫ്രക്ടോസും ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കുന്നു. ദഹനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാന്‍ ഭക്ഷണശേഷം ഞാവല്‍ പഴം കഴിക്കുന്നത് വളരെ നല്ലതാണ് .ഇത്തരത്തില്‍ നിരവധി ഔഷധഗുണങ്ങളുണ്ടായിട്ടും ഞാവലിനെ നാം മനപൂര്‍വ്വം കാണാതെ പോകുന്നു എന്നതാണ് സത്യം .