സ്വന്തം ലേഖകൻ
വിയ്യൂർ: അങ്ങിനെ ഒടുവിൽ ഞാവൽപഴവും കേരളത്തിനു പുറത്തുനിന്നെത്തി…തൃശൂരിന്റെ വഴിയരികിൽ വില്പനയ്ക്കായി എത്തിയിരിക്കുന്ന ഞാവൽപഴങ്ങൾ നമ്മുടെ നാട്ടിലെ ഞാവൽപഴമല്ല..
ഏപ്രിൽ - മേയ് മാസങ്ങളിൽ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടിയിരുന്ന ഞാവൽ പഴങ്ങൾ ഇത്തവണ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
കോവിഡ് വന്നതോടെ ഞാവൽപഴം കിട്ടാനില്ലാതായി എന്നാണു നാട്ടുകാർ പറയുന്നത്. തൃശൂർ ജില്ലയിൽ ഏറ്റവുമധികം ഞാവൽ പഴങ്ങൾ കിട്ടാറുള്ളത് മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കാന്പസിലും ആരോഗ്യസർവകലാശാല കാന്പസിലുമാണ്.
നൂറുകണക്കിന് ഞാവൽ മരങ്ങളാണ് ഇവിടെയുള്ളതെങ്കിലും ഒന്നു രുചിച്ചു നോക്കാൻ പോലും ഞാവൽ പഴങ്ങൾ ഇത്തവണ കിട്ടിയില്ലെന്ന് ഇവിടെയുള്ളവർ പറയുന്നു.
സാധാരണ തൃശൂരിനു പുറമെ പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലയിലുള്ളവർ വരെ ഇവിടെ വന്ന് നാടൻ ഞാവൽ പഴങ്ങൾ ശേഖരിക്കാനെത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അവർക്കൊന്നും പഴങ്ങൾ കിട്ടിയില്ല.
ഒൗഷധഗുണങ്ങളേറെയുള്ള ഞാവൽപഴത്തിന് ആവശ്യക്കാരുമേറെയാണ്. ഞാവൽപഴത്തിന്റെ കുരു രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ കുറയ്ക്കാനും പഴത്തിന്റെ ചാറ് തൊണ്ടവേദനയ് ക്ക് ഉത്തമമാണെന്നും പറയുന്നു.
ആന്ധ്രയിൽ നിന്നെത്തിയ ഞാവൽപഴങ്ങളാണ് ഇപ്പോൾ തൃശൂരിന്റെ വഴിയോരക്കച്ചവടക്കാരുടെ കയ്യിലുള്ളത്. നാടൻ ഞാവൽപഴത്തിന്റെ ഗുണം ഇതിന് അത്രയില്ലെങ്കിലും ആവശ്യക്കാർക്ക് കുറവില്ല.
കിലോയ്ക്ക് 120 രൂപ മുതൽ 150 രൂപവരെയാണ് വില. നാടൻ ഞാവൽപഴത്തിന് കിലോയ്ക്ക് 300 രൂപവരെ വിലയുണ്ടായിരുന്നു.