എടത്വാ: കരനെൽകൃഷി പരീക്ഷണത്തിന് തുടക്കമിട്ട വിദ്യാർഥികളുടെ ഞവരകൃഷി കതിരണിഞ്ഞു. തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റേറയും എൻഎസ്്എസ് യൂണിറ്റിന്േറയും നേതൃത്വത്തിലാണ് വിദ്യാർഥികൾ ഞവരകൃഷിക്ക് വിതയിറക്കിയത്.
അറുപത് ദിവസം പിന്നിട്ട ഞവരകൃഷി കതിരണിഞ്ഞതോടെ കൃഷി കാണാൻ അടുത്തുള്ള സ്കൂളുകളിലെ വിദ്യാർഥികൾക്കൊപ്പം നാട്ടുകാരും എത്തുന്നുണ്ട്. പുരയിടങ്ങളിലും നെൽകൃഷി ചെയ്യാമെന്ന വിദ്യാർഥികളുടെ ആശയം സ്കൂൾ അധികൃതരും ഏറ്റെടുത്തതോടാണ് കഴിഞ്ഞ സീസണിൽ നെൽകൃഷിക്ക് വിതയിറക്കിയത്. വ്യത്യസ്തത തേടുന്ന ഒരുപറ്റം വിദ്യാർഥികൾ ഇത്തവണ ഞവരകൃഷിയിലേക്കാണ് തിരിഞ്ഞത്.
തലവടി കൃഷിഭവൻ ഉദ്യോഗസ്ഥരും വാർഡ് അംഗം അജിത്ത് കുമാർ പിഷാരത്തും വിദ്യാർഥികൾക്ക് വേണ്ട പ്രോത്സാഹനം നൽകിയിരുന്നു. 11-ാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയാണ് കൃഷിക്ക് അനുയോജ്യമായ പറന്പിലെ പൊന്തക്കാടും, പുല്ലുകളും വെട്ടിമാറ്റി ഞവരകൃഷിക്കുള്ള സ്ഥലം കണ്ടെത്തിയത്. അരയേക്കറോളം വരുന്ന പുരയിടത്തിൽ വിതയിറക്കാൻ പര്യാപ്തമായ രീതിയിൽ ഭൂമി തയാറാക്കിയാണ് കൃഷി ആരംഭിച്ചത്.
ഞവരകൃഷി കൂടാതെ ജൈവ പച്ചക്കറിയും വിവിധയിനം ചെടികളും സ്കൂൾ പരിസരത്ത് വിദ്യാർഥികൾ നട്ടുവളർത്തിയിട്ടുണ്ട്. ഞവരകൃഷിയുടെ വിതയിറക്ക് ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ നിർവ ഹിച്ചിരുന്നു.