ചിറ്റാരിക്കാല്‍: വീടിന്റെ ഉമ്മറത്തുനിന്നും രാജവെമ്പാലയെ പിടികൂടി. കമ്പല്ലൂരിലെ പി.എം. അലിയുടെ വീട്ടുമുറ്റത്താണ് പാമ്പിനെ കണ്ടെത്തിയത്.
ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് കറുപ്പില്‍ വെളുത്ത വലയങ്ങളുള്ള പാമ്പ് ഉമ്മറത്തെ കോഴിക്കൂടിനടുത്തേക്ക് ഇഴഞ്ഞുപോകുന്നത് അലി കണ്ടത്.
ലക്ഷണങ്ങളില്‍ നിന്ന് രാജവെമ്പാലയാണെന്ന സംശയമുണ്ടായതോടെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പാമ്പ് മറ്റെങ്ങോട്ടും പോകാതിരിക്കാന്‍ വീട്ടുകാര്‍ സ്ഥലത്ത് കാവല്‍നിന്നു.
വൈകുന്നേരം നാലോടെ കാഞ്ഞങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശേഷപ്പ, പാമ്പ് പിടുത്തക്കാരന് പനയാലിലെ കെ.പി. സന്തോഷ്, ശരത് ഗോപാല്‍ എന്നിവര്‍ സ്ഥലത്തെത്തി.
കോഴിക്കൂടിനടുത്ത് ഉണ്ടായിരുന്ന അലമാരയുടെ അടിയില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തി പിടികൂടിയത്. പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതര്‍ വനത്തില്‍ കൊണ്ടുവിട്ടു.