തലശേരി: ലഹരി മാഫിയയുടെ പിന്തുണയോടെ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ വാഹന ഓൾട്ടറേഷൻ മാഫിയ സജീവമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
നല്ല രീതിയിൽ ഈ രംഗത്തു പ്രവർത്തിക്കുന്നവർക്കുകൂടി പേരുദോഷം ഉണ്ടാക്കുന്ന രീതിയിലാണ് ചില സംഘങ്ങൾ ഈ രംഗത്തേക്കു നുഴഞ്ഞു കയറിയിരിക്കുന്നത്.
അതതു ജില്ലകളിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജില്ലാ തലത്തിലും സബ് ഡിവിഷൻ തലത്തിലും പരാതി നൽകിയിട്ടുണ്ടെന്നും പോലീസ് കർശന നടപടി സ്വീകരിച്ചു വരികയാണെന്നും ട്രാൻസ്പോർട്ട് ജോയിന്റ് കമ്മീഷണർ രാജീവ് പുത്തലത്ത് രാഷ്ട്രദീപികയോടു പറഞ്ഞു.
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ലക്ഷങ്ങൾ മുടക്കി വാഹനങ്ങൾ ഓൾട്ടറേഷൻ നടത്തുകയും നടപടി എടുത്ത മോട്ടോർ വാഹന വകുപ്പിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും ജോയിന്റ് കമ്മീഷണർ പറഞ്ഞു.
ഇതിനിടയിൽ അലോയ്വീൽ ഘടിപ്പിച്ചതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 85,000 രൂപ പിഴ ഈടാക്കിയെന്നു നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ കായംകുളം സ്വദേശി കിരൺ മാത്യുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മോട്ടോർ വാഹന വകുപ്പ് കായംകുളം ഡിവൈഎസ്പിക്കു നൽകിയ പരാതിയെത്തുുടർന്നാണ് നടപടി. തന്റെ ഹോണ്ട സിറ്റി കാറിനു നിയമ ലംഘനത്തിന് 5,000 രൂപ മാത്രമാണ് പിഴ ഈടാക്കിയതെന്നും മറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും പ്രചരണങ്ങൾക്കു പിന്നിൽ താനല്ലെന്നും കിരൺ മാത്യു പോലീസിനെ അറിയിക്കുകയും ഇതു സംബന്ധിച്ച് വീഡിയോ പുറത്തിറക്കുകയും ചെയ്തു.