കടുത്തുരുത്തി: കോവിഡ് കാലത്ത് കുടുംബം പുലർത്താൻ പച്ചക്കറി വില്പനയുമായി വിദ്യാർഥികൾ.
തലയോലപ്പറന്പ് സ്വദേശികളും സുഹൃത്തുക്കളുമായ ഹരിയും അനന്തുവുമാണ് കടുത്തുരുത്തി ട്രേഡേഴ്സ് കോ ഓപ്പറേറ്റിവ് സൊസൈറ്റിക്കു സമീപം പച്ചക്കറി വിൽപന നടത്തുന്നത്.
പച്ചക്കറികൾ നിറച്ചു കിറ്റുകളാക്കിയാണ് വിൽപന നാല് കിലോയോളം വരുന്ന പച്ചക്കറി കിറ്റിൽ തക്കാളി, കുക്കുന്പർ, ചേന, വെണ്ടയ്ക്കാ, പയർ, വഴുതനങ്ങ, മത്തങ്ങ, പടവലം, വെള്ളരി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില തുടങ്ങി ഒട്ടനവധി സാധനങ്ങളുമുണ്ട്. നൂറ് രൂപയാണ് കിറ്റിന്റെ വില.
വിദ്യാർഥികളായ ഇരുവരും കോവിഡ് കാലത്ത് തുടർപഠനം മുടങ്ങിയതോടെ വീട്ടുചെലവിനു പണികൾ അന്വേഷിച്ചെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെയാണ് പച്ചക്കറി വിൽപന ആരംഭിച്ചത്.
തലയോലപ്പറന്പ് മാർക്കറ്റിൽ നിന്നു ഹോൾസെയിലായി പച്ചക്കറി വാങ്ങി കിറ്റാക്കുകയാണ് ചെയ്യുന്നത്. ദിവസം അന്പതോളം കിറ്റുകൾ വിൽക്കാൻ കഴിയുന്നുണ്ടെന്നും ഇരുവരും പറയുന്നു.
രാവിലെ വാഹനത്തിൽ കിറ്റുകൾ ഇവിടെയെത്തിക്കും. വൈകൂന്നേരം വരെ ഇരുന്നാണ് കച്ചവടം നടത്തുന്നത്. രണ്ട് ദിവസമായി ഇരുവരും ഇവിടെ കച്ചവടമാരംഭിച്ചിട്ട്.