ആലപ്പുഴ: മാനഭംഗശ്രമത്തിനിടെ യുവതിയെ ക്രൂരമായി ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്കു പത്തു വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും വിധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് വെളിത്തറ പണിക്കർവേലി വീട്ടിൽ നജ്മലിനെ(34)യാണ് ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത്. 2011ന് ജനുവരി നാലിനാണു കേസിനാസ്പദമായ സംഭവം.
ഭവനഭേദനം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലാത്സംഗശ്രമം, സ്വർണാഭരണ മോഷണം, പ്രതിയുടെ ശരീരത്തെ മുറിവുകൾ, ആയുധം കൊണ്ടുള്ള ഉപദ്രവിക്കൽ, പിടിച്ചുപറി എന്നിവ വിചാരണ വേളയിൽ കോടതി പരിഗണിച്ചിരുന്നു.
ആശുപത്രിയിൽ എത്തിച്ച് ഒന്നര മണിക്കൂറിനു ശേഷമായിരുന്നു യുവതിക്കു ബോധം വീണതു പോലും. വെള്ളപാന്റ്സും കറുത്ത ഷർട്ടും ധരിച്ച ഒരാളാണു തന്നെ ആക്രമിച്ചതെന്നു യുവതി പറഞ്ഞിരുന്നു. ഇതേവേഷം ധരിച്ച ഒരാൾ പുന്നപ്ര ചന്തയിലെ സ്റ്റോപ്പിൽനിന്ന് ആലപ്പുഴ ബസിൽ കയറിയതായി ചിലർ കണ്ടിരുന്നു. പുന്നപ്ര പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ ക്ളോക്ക് റൂമിൽ ഷെൽട്ടറിൽ താമസിക്കുന്നതായി വിവരം ലഭിക്കുകയും തുടർന്നു കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
വിവിധ വകുപ്പുകളിൽ 34 വർഷം ശിക്ഷ വിധിച്ചെങ്കിലും ഒന്നിച്ചു 10 വർഷം അനുഭവിച്ചാൽ മതി. മൂന്നു മാസം കൊണ്ടാണ് കേസിന്റെ വിചാരണ പൂർത്തിയായത്. ഈ സമയത്ത് ഒന്നുമുതൽ 20 സാക്ഷികളെയും വിസ്തരിച്ചു. ഒന്നുമുതൽ 40 വരെ പ്രമാണങ്ങളും പോലീസ് ശേഖരിച്ച ഒന്നു മുതൽ ആറുവരെയുള്ള തൊണ്ടികളും വിചാരണ വേളയിൽ പരിശോധിച്ചു.
ആലപ്പുഴ സൗത്ത് സിഐ ഷാജിമോൻ ജോസഫാണ് കേസ് അന്വേഷിച്ചത്. പിഴയായ 1.20 ലക്ഷം രൂപ ക്രൂരകൃത്യത്തിന് ഇരയായ യുവതിക്കു നൽകാൻ കോടതി ഉത്തരവിട്ടു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത, അഡ്വ. പി.പി. ബൈജു എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. ജാക്വിലിൻ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലും റിമാൻഡ് പ്രതിയാണ് നജ്മൽ. ഇതിന്റെ വിചാരണ പുരോഗമിക്കുകയാണ്.