നെടുമ്പാശേരി: വിദേശത്തുനിന്നും ലീവിനെത്തിയ മകനെ സ്വീകരിക്കാൻ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു.
ചാവക്കാട് പാവറട്ടി സ്വദേശി വെൺമടത്തായിൽ വീട്ടിൽ എൻ.കെ. കുഞ്ഞാണ് (65) മരണമടഞ്ഞത്. ഇന്നു പുലർച്ചെ ബഹറൈനിൽനിന്നും എത്തിയ മകൻ ഷിഹാബിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളോടൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇദേഹം.
വിമാനത്തിൽനിന്നും ഇറങ്ങി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അന്താരാഷ്ട്ര ടെർമിനലിന് പുറത്തെത്തിയ ഷിഹാബുമായി ആലിംഗനം ചെയ്ത് സന്തോഷം പങ്കിടുന്നതിനിടയിൽ പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഉടനെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം താമസിയാതെ മരണമടയുകയായിരുന്നു. ബഷീറയാണ് ഭാര്യ. മറ്റൊരു മകൻ ഷുഹൈബ്.