എസ്.ആർ.സുധീർ കുമാർ
കൊല്ലം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ഭൂരിപക്ഷ സാധ്യത പ്രഖ്യാപിച്ചുള്ള മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തൽ അക്ഷരാർഥത്തിൽ രാഷ്ട്രീയ നിരീക്ഷകരിൽ അമ്പരപ്പ് ഉളവാക്കി. പ്രേമചന്ദ്രൻ 62729-ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.സാധാരണ ഗതിയിൽ തെരഞ്ഞെടുപ്പിന് ശേഷം വിജയ സാധ്യത വിശകലനം ചെയ്യുമ്പോൾ കൃത്യമായ ഒരു സംഖ്യ ചൂണ്ടിക്കാട്ടാറില്ല.
സംസ്ഥാനത്ത് ഒരിടത്തും ഇങ്ങനെ ഒരു കണക്ക് ആരും എടുത്തുകാട്ടിയ ചരിത്രവുമില്ല. ഇതാണ് കൊല്ലത്തെ യുഡിഎഫ് നേതാക്കൾ മാറ്റി കുറിക്കുന്നത്. മാത്രമല്ല തെരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾ നടന്നു എന്ന നിഗമനത്തിലുമാണ് മുന്നണി നേതൃത്വം. അതുകൂടി കൂട്ടിയാൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്ന പ്രതീക്ഷയും നേതൃത്വം വച്ചു പുലർത്തുന്നു.
ബൂത്ത് – മണ്ഡലം കമ്മിറ്റികളുടെ വിലയിരുത്തലിനു ശേഷം നിയോജക മണ്ഡല അടിസ്ഥാനത്തിലെ വിശകലനവും കഴിഞ്ഞുള്ള കണക്കാണിതെന്നും നേതാക്കൾ പറയുന്നു. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷമാണ് യുഡിഎഫ് അവകാശപ്പെടുന്നത്. ഇതിനെ സാധൂകരിക്കുന്ന കണക്കുകളും അവർ നിരത്തുന്നുണ്ട്.
പുനലൂർ-1987, ചടയമംഗലം – 750, ചാത്തന്നൂർ-1500, കുണ്ടറ – 9370, ഇരവിപുരം – 1 2622, കൊല്ലം-17500, ചവറ- 19000 എന്നിങ്ങനെയാണ് യുഡിഎഫ് ഭൂരിപക്ഷം നിശ്ചയിച്ച് വച്ചിരിക്കുന്നത്.
സാധാരണ ഗതിയിൽ വോട്ടെണ്ണൽ കഴിഞ്ഞതിന് ശേഷമാണ് മുന്നണികൾ സമ്മതിദായകരെ നന്ദി അറിയിക്കുന്നത്. ഈ പതിവും കൊല്ലത്തെ യുഡിഎഫ് നേതൃത്വം ഇത്തവണ തെറ്റിച്ചു. പ്രവചനത്തിന് ഒപ്പം യുഡിഎഫ് അനുകൂലമായി വോട്ട് ചെയ്ത എല്ലാവർക്കും സഹായിച്ച മാധ്യമ പ്രവർത്തകർക്കും ഇലക്ഷൻ കമ്മിറ്റി നന്ദിയും രേഖപ്പെടുത്തി കഴിഞ്ഞു.
തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം രാഷ്ട്രീയമായി നേരിടാതെ എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുകയായിരുന്നുവെന്നും വിലയിരുത്തലിൽ പറയുന്നു.ഇത് ന്യൂനപക്ഷ മേഖലയിൽ യുഡിഎഫിന് അനുകൂല തരംഗം സൃഷ്ടിച്ചുവത്രേ. വോട്ടിംഗ് ശതമാനം കൂടിയതിനും ഇതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനവും വോട്ടു വർധനയുണ്ടാക്കി എന്നാണ് നിഗമനം.