കൊല്ലം : ജീവിതകാലം മുഴുവൻ ചോരയും നീരും നൽകി കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയെ വൻ പ്രസ്ഥാനമായി വളർത്തിയെടുത്ത പെൻഷകാരെ സർക്കാർ പെൻഷൻ നിഷേധിച്ചും ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയും കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി ആരോപിച്ചു.
ഇ.എം.ഷാഫിയുടെ അധ്യക്ഷതയിൽ പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളിൽ ചേർന്ന കെഎസ്ആർടിസി പെൻഷൻകാരുടെ സ്നേഹസംഗമം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻകാരെയും ശന്പള പരിഷ്കരണം നിഷേധിച്ചും ക്ഷാമബത്ത നിരസിച്ചും നിരന്തരമായി ദ്രോഹിച്ചുകൊണ്ടിരുന്നതു കൂടാതെയാണ് ഇപ്പോൾ അഞ്ചു മാസത്തെ പെൻഷൻ നിഷേധിച്ച് ഈ പാവങ്ങളെ ആഹാരവും ഒൗഷധവും നിഷേധിച്ച് ആത്മഹത്യയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
മറ്റെല്ലാ മേഖലകളിലും ജനപ്രതിനിധികൾക്കും എല്ലാം വർധിച്ച ശന്പളവും ആനുകൂല്യങ്ങളും അനുവദിച്ചുകൊണ്ടിരിക്കുന്പോൾ കെഎസ്ആർടിസി.ജീവനക്കാർക്കു മാത്രം ഇതെല്ലാം നിഷേധിക്കുന്നത് ദേശീയ അന്തർദേശിയ നിയമങ്ങൾക്ക് വിരുദ്ധവും അതിന്റെ അന്തഃസത്തയുടെ ലംഘനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ എ.സി.ഇടിക്കുള, കെ.പി.സുകുമാരൻ, ഡി.ശിവരാമൻ, എ.ഇബ്രാഹിംകുട്ടി, പി.ഗോപാലകൃഷ്ണപിള്ള, സദാനന്ദൻ, സി.വി.രവീന്ദ്രൻ, എസ്. അബ്ദുൽ അസീസ്, കുമ്മല്ലൂർ രാമചന്ദ്രൻ, ഗോപാലകൃഷ്ണ പിള്ള എന്നീ മുതിർന്ന പെൻഷകാരെ ആദരിച്ചു.
സി.സി.വിൻസന്റ്, പി.ശ്രീനിവാസൻ, കടവൂർ ബി.ശശിധരൻ, ജനാർദനൻ പിള്ള, സി.കെ.സി.പ്രകാശ്, ടി.സി.ഉണ്ണികൃഷ്ണൻ, പി.സജീവൻ, കെ.ബി.വസന്തകുമാർ, ബാബു പാക്കനാർ, പകൽക്കുറി വിശ്വൻ, സെക്രട്ടറി കെ.ജി.തുളസീധരൻ, എം.എ.ബഷീർ എന്നിവർ പ്രസംഗിച്ചു.