കാമുകി നീരു രണ്‍ധാവയെ മർദ്ദിച്ച ബോളിവുഡ് താരം അർമാൻ കോഹ്ലിക്കെതിരെ കേസ്. 2015 മുതൽ ഒരുമിച്ച് താമസിക്കുന്ന ഇവർ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് വഴക്കിട്ടത്. തുടർന്ന് അർമാൻ നീരുവിനെ തള്ളി നിലത്തിടുകയും തലയിൽ ഇടിക്കുകയും ചെയ്തുവെന്നുമാണ് ആരോപണം.
മുംബൈ സാന്റാക്രൂസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നീരുവിനെ മുംബൈയിലെ കോകിലാബെൻ ദീരുഭാസ് അംബാനി ഹോസ്പിറ്റലിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
സംവിധായകൻ രാജ്കുമാർ കോഹ്ലിയുടെ മകനായ അർമാൻ 1992ൽ വിരോധി എന്ന സിനിമയിലൂടെയാണ് ബോളിവുഡിലേക്ക് അരങ്ങേറിയത്.
പിന്നീട് സിനിമകളിൽ നിന്ന് അപ്രത്യക്ഷനായ ഇയാൾ വർഷങ്ങൾക്ക് ശേഷം സൽമാൻ ഖാന്റെ ടെലിവിഷൻ പരിപാടിയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് പ്രത്യക്ഷപ്പെട്ടത്.
ബിഗ് ബോസ് പരിപാടിക്കിടെ സഹതാരമായ സോഫിയ ഹായത്തിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അർമാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.