കൊച്ചി: മൂന്നു വര്‍ഷം മുമ്പു കാണാതായ വെച്ചൂച്ചിറ സ്വദേശിനി ജെസ്നയെ (23) കണ്ടെത്താന്‍ നടപടി വേണമെന്നാവശ്യപ്പെട്ടു കൊച്ചിയിലെ ക്രിസ്ത്യന്‍ അലൈന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന പുതുക്കി നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും പിന്‍വലിച്ചു.
ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ച് പബ്ലിസിറ്റി ലക്ഷ്യമാക്കിയാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്നു വിലയിരുത്തി ഭീമമായ പിഴ ചുമത്തേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടു.
തുടര്‍ന്നാണു ഹര്‍ജി വീണ്ടും പിന്‍വലിച്ചത്. കോടതി സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ആദ്യം സമർപ്പിച്ച ഹര്‍ജി പിന്‍വലിച്ചു പുതിയതു സമര്‍പ്പിച്ചത്.
2018 മാര്‍ച്ച് 22 നാണ് വെച്ചൂച്ചിറയിലെ വീട്ടില്‍നിന്നു ജെസ്നയെ കാണാതായത്. പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല.
ജെസ്നയുടെ പിതാവ് ആരോഗ്യപരമായ കാരണങ്ങളാല്‍ അവശനിലയിലാണെന്നും ഏക സഹോദരന് വിദേശത്താണെന്നും ചൂണ്ടിക്കാട്ടിയാണു ക്രിസ്ത്യന്‍ അലൈന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹര്‍ജി നല്‍കിയത്.