തിരുവല്ല: ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ വീഡിയോയിലെ കാഴ്ചശേഷി കുറവായ ജോസേട്ടന് ക്രിസ്മസ് സമ്മാനമായി സ്വപ്നഭവനം ലഭിച്ചു.
സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ നിര്‍മിച്ച വീടിന്റെ താക്കോല്‍ ക്രിസ്മസ് ദിനത്തില്‍ കറ്റോട് തലപ്പാലയില്‍ ജോസിന് (62) വൈക്കം വിജയലക്ഷ്മി കൈമാറി.
സൗഹൃദ വേദി ചെയര്മാന് ഡോ.ജോണ്സണ് വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനിവര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. റവ.ഷിജു മാത്യു ആശിര്‍വദിച്ചു.
സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സിബി സാം തോട്ടത്തില്‍, സുരേഷ് പരുത്തിക്കല്‍, വിന്‍സന്‍ പൊയ്യാലുമാലില്‍, റെജി പാറപ്പുറം, ബിനു തങ്കച്ചന്, അനു ദാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. എങ്കിലും മലയാളികളുടെ പ്രിയപെട്ട പിന്നണി ഗായിക എത്തിയ വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികള്‍ ആവശ്യപെട്ട ഇഷ്ട ഗാനങ്ങള്‍ വിജയലക്ഷ്മി പാടിയതോടെ ലളിതമായി തുടങ്ങിയ ചടങ്ങ് ഗ്രാമത്തിന് ഉത്സവ പ്രതീതി നല്കി.
തന്റെ ജീവിതാഭിലാഷം സാധ്യമാക്കി നല്കിയ സൗഹൃദ വേദി പ്രവര്‍ത്തകരോട് ജോസ് നന്ദി അറിയിച്ചു.
ലോക്ക്ഡൗണ്‍ കാലത്തെ പരിമിതമായ യാത്രാ സൗകര്യങ്ങള്ക്കിടെ നടുറോഡില്‍ വഴിയറിയാതെ നിന്ന ജോസിനെ തിരുവല്ലയിലെ ജോയ് ആലുക്കാസ് ജീവനക്കാരി സൗമ്യ ബസില്‍ കയറ്റി വിട്ട രംഗമാണ് ജൂലൈ ആദ്യ വാരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
തിരുവല്ല ടൗണില്‍ നടന്ന രംഗം സമീപത്തെ കെട്ടിടത്തില്‍ നിന്നയാള്‍ വീഡിയോയിലാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതാണ് വൈറലായത്.
തുടര്‍ന്ന് ഇരുവരുടെയും ജീവിതകഥ അന്വേഷിച്ചെത്തിയപ്പോഴാണ് ദുരവസ്ഥകള്‍ മനസിലായത്. വീടില്ലാതിരുന്ന സൗമ്യയ്ക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പ് തന്നെ വീടു നിര്‍മിച്ചു നല്കി.
തിരുവല്ല കറ്റോട് തലപ്പാലയില്‍ ജോസിന് 22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ണിന്റെ കാഴ്ചശക്തി കുറയുവാന്‍ തുടങ്ങിയത്.രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടര്‍ ചികിത്സ നടത്തുവാന്‍ കഴിയാഞ്ഞതുമൂലം 12 വര്‍ഷമായി കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ട നിലയിലാണ്.
തിരുവല്ല മുനിസിപാലിറ്റി 2006 ല്‍ രണ്ടു സെന്റ് വസ്തു വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും 70000 രൂപ നല്‍കിയിരുന്നു.
വീടിന്റെ നിര്‍മാണം തുടക്കം കുറിച്ചെങ്കിലും 10 വര്‍ഷമായി നിര്‍മാണം പാതി വഴിയിലായിരുന്നു.ചോര്‍ന്നൊലിച്ച് ഏതു സമയവും താഴെ വീഴാവുന്നതും സുരക്ഷിതത്വവും കെട്ടുറപ്പും ഇല്ലാത്ത ഷെഡില്‍ ഇവര്‍ താമസിക്കുന്ന രംഗം കണ്ടാണ് സൗഹൃദ വേദി വീടിന്റെ ബാക്കി നിര്‍മാണം ഏറ്റെടുത്തത്.
ക്ഷേമ പെന്‍ഷനായി ലഭിക്കുന്ന തുക മാത്രമാണ് ജോസേട്ടന്റെ കുടുംബത്തിന്റെ ഏക വരുമാനം. ഭാര്യ കടുത്ത ആസ്മ രോഗിയാണ്. മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.