ചാത്തന്നൂർ: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭർത്താക്കന്മാർ മത്സരിച്ച് ജയിച്ച വാർഡുകൾ നിലനിർത്താനും സംരക്ഷിക്കാനും നിയോഗിക്കപ്പെട്ട ഭാര്യമാർ, അങ്കക്കളരിയിൽ പടനയിച്ച് വീരാംഗനകളായി ഭർത്താക്കന്മാരുടെയും പാർട്ടികളുടെയും അഭിമാനം സംരക്ഷിച്ചു.
ഭർത്താക്കന്മാരുടെ തട്ടകങ്ങളിലേക്ക് സ്ഥാനാർഥിത്വം ലഭിച്ച് മത്സരിച്ച നാല് വനിതകളും വിജയക്കൊടി പാറിച്ചു.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കോട്ടുവാതുക്കൽ വാർഡിൽ മത്സരിച്ച സജിനാ നജിം പഞ്ചായത്തിലെ ഏറ്റവും വലിയ ഭുരിപക്ഷത്തോടെ പ്രതിയോഗികളെ നിഷ്പ്രഭമാക്കിയാണ് വിജയിച്ചത്.
ഭർത്താവ് നജിംതോട്ടത്തിൽ കഴിഞ്ഞ തവണ വിജയിച്ച ഈ വാർഡിൽ സിപിഐ ഭാര്യ സജിന നജിമിനെയാണ് അങ്കകളത്തിലിറക്കിയത്.
613 വോട്ടുകൾ നേടി അസൂയാർഹമായ വിജയമാണ് ഇവർ നേടിയത്. തൊട്ടടുത്ത എതിർ സ്ഥാനാർഥിയും സിപിഐ വിമതയുമായ ശോഭന അശോകന് നേടാൻ കഴിഞ്ഞത് 121 വോട്ടുകൾ മാത്രം.
498 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സജിനാ നജിം വിജയിച്ചപ്പോൾ യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾക്ക് നേടാൻ കഴിഞ്ഞത് 90ൽ താഴെ വോട്ടുകൾ മാത്രം.
ചിറക്കര ഗ്രാമപഞ്ചായത്തിലെ കോളേജ് വാർഡിൽ സിപിഐ ഇത്തവണ പടക്കളത്തിലിറക്കിയത് ഇതേ വാർഡിലെ മുൻ നായകനും ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവുമായ ടി.ആർ. ദിപുവിന്റെ ഭാര്യ വിനീത ദിപുവിനെ.
ഭർത്താവിന്റെ സ്വന്തം തട്ടകം വിനീത ദിപു സംരക്ഷിച്ചത് പോൾ ചെയ്ത വോട്ടിന്റെ 70 ശതമാനം നേടി അഭിമാനാർഹമായ വിജയമാണ് നേടിയത്. 704 വോട്ടുകൾ നേടി 408 വോട്ടിന്റെ ഭുരിപക്ഷത്തോടെയാണ് വിനീത ഭർത്താവിന്റെ തട്ടകം നിലനിർത്തിയത്.
പഞ്ചായത്ത് 2005-ൽ രൂപീകൃതമായത് മുതൽ റിക്കാർഡ് ഭുരിപക്ഷത്തോടെ വിജയിച്ച് ദിപു ഗ്രാമപഞ്ചായത്തംഗവും വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പ്രവർത്തിച്ചു വരികയായിരുന്നു. ആ പാരമ്പര്യം നിലനിർത്തി പഞ്ചായത്തിലെ ഏറ്റവും വലിയ ഭുരിപക്ഷത്തോടെയാണ് വിനീത ദിപുവിന്റെ വിജയം.
ചാത്തന്നൂർ പഞ്ചായത്തിലെ കളിയാക്കുളം വാർഡിൽ ഭർത്താവിന്റെ തട്ടകം നിലനിർത്താനും പാർട്ടിയുടെ അഭിമാനം സംരക്ഷിക്കാനുമാണ് ബിജെപി മീരാ ഉണ്ണിയെ നിയോഗിച്ചത്. ബിജെപി നേതാവായ കളിയാക്കുളം ഉണ്ണി (ഷിബു) പ്രതിനിധീകരിച്ചിരുന്ന വാർഡാണ് ഇത്.
വാർഡ് നഷ്ടപ്പെടാതിരിക്കാനും നിലനിർത്താനുമായി മീരയ്ക്ക് ശക്തമായ പോരാട്ടം നടത്തേണ്ടി വന്നു. മീര ഉണ്ണി 534 വോട്ട് നേടി ഭർത്താവിന്റെയും പാർട്ടിയുടെയും അഭിമാനം സംരക്ഷിച്ചു.
എതിർ സ്ഥാനാർഥിയും ഇടതുമുന്നണി വിമതയുമായ ബിന്ധ്യാ ലോഹിതാസ് 428 വോട്ട് നേടി ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. ഇടത്-വലത് മുന്നണി സ്ഥാനാർഥികൾക്ക് ഇവിടെ കാഴ്ചക്കാരുടെ സ്ഥാനമായിരുന്നു.
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഏറം വാർഡിൽ പഞ്ചായത്ത് ഭരണം കുടുംബക്കാര്യം തന്നെ. 1995 മുതൽ ഈ വാർഡിനെ നയിക്കുന്നത് കേരളാ കോൺഗ്രസിലെ ലീലാമ്മ ചാക്കോയോ അല്ലെങ്കിൽ ഭർത്താവ് ചാക്ക യോ ആണ്. വാർഡ് സ്ത്രീ സംവരണമാകുമ്പോൾ ലീലാമ്മ മത്സരിക്കും: ജയിക്കും.
ജനറലാകുമ്പോൾ ഭർത്താവ് ചാക്കോ മത്സരിക്കും. ജയിക്കും.വാർഡ് പിടിച്ചെടുക്കാൻ ഇടതുമുന്നണി 18 അടവും പയറ്റിയിട്ടും ചാക്കോ-ലീലാമ്മ ദമ്പതികളെ പരാജയപ്പെടുത്താനായിട്ടില്ല. ഇത്തവണ നാലാമൂഴത്തിൽ 48 വോട്ടിന് ഭാര്യ ലീലാമ്മ ചാക്കോ വിജയിച്ചു.
ഭർത്താവ് കെ.ചാക്കോ രണ്ടു തവണയും വാർഡിനെ പ്രതിനിധീകരിച്ചു. ഏറം വാർഡിന്റെ ഭരണസാരഥ്യം 25 വർഷം കഴിഞ്ഞ് മുപ്പതാം വർഷത്തിലേക്ക് കടക്കുന്നു.