എടപ്പാൾ: ചില്ലറ നോട്ടുകൾ നൽകിയ കണ്ടനകം സ്വദേശി മഠത്തിൽ വളപ്പിൽ മുഹമ്മദിനെ കേരള ഗ്രാമീണ്‍ ബാങ്ക് കാലടി ശാഖയിലെ ജീവനക്കാരൻ അപമാനിച്ചതായി പരാതി.
പണയത്തിലുള്ള സ്വർണാഭരണം എടുക്കാൻ എത്തിയതായിരുന്നു മുഹമ്മദും ഭാര്യയും. ഇവർ നൽകിയ നോട്ടുകളിൽ അന്പതിന്റെയും പത്തിന്റെയും നോട്ടുകളായിരുന്നു കൂടുതൽ.
ഇതാണ് പണം വാങ്ങിക്കുന്ന കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരനെ ചൊടിപ്പിച്ചത്. പ്രകോപിതനായ ജീവനക്കാരൻ നോട്ടുകെട്ടുകൾ മുഹമ്മദിന്റെ മുഖത്തേക്കെറിയുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി.
ഇതിനെ തുടർന്നു മുഹമ്മദ് കൗണ്ടറിനു മുന്നിൽ തളർന്നു വീണതായും പരാതിയുണ്ട്. വിവരമറിഞ്ഞു മുഹമ്മദിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയപ്പോഴേക്കും ജീവനക്കാരൻ സ്ഥലം വിട്ടതായാണ് പരാതിയിൽ പറയുന്നത്.
ബാങ്കിന്റെ മലപ്പുറത്തെ ഹെഡ് ഓഫീസിലും പൊന്നാനി പോലീസിലും മുഹമ്മദ് പരാതി നൽകിയിട്ടുണ്ട്.