കാസർഗോഡ്: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചതോടെ എൻമകജെ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റ് രൂപവാണി ആര്.ഭട്ടിനെതിരെ കോൺഗ്രസിലെ വൈ.ശാരദ നൽകിയ അവിശ്വാസം ഏഴിനെതിരെ പത്തു വോട്ടുകൾക്ക് പാസായി.
ബിജെപിക്കും യുഡിഎഫിനും ഏഴു വീതം സീറ്റുകളുള്ള ഇവിടെ നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്. 17 സീറ്റുകളുള്ള ഈ പഞ്ചായത്തില്‍ ബിജെപി-ഏഴ്, കോണ്‍ഗ്രസ്-നാല്, മുസ്ലീം ലീഗ്-മൂന്ന്, സിപിഎം-രണ്ട്, സിപിഐ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. മുമ്പ് 2016ല്‍ കോണ്‍ഗ്രസ് ഇവിടെ അവിശ്വാസം കൊണ്ടുവന്നിരുന്നു.
അന്ന് സിപിഐ അംഗം അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നെങ്കിലും രണ്ടു സിപിഎം മെമ്പര്‍മാരും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതിനാല്‍ ഇത് പാസായില്ല. എന്നാൽ ഇക്കുറി യുഡിഎഫും എൽഡിഎഫും ഒരുമിച്ചതോടെ ബിജെപി പുറത്താവുകയായിരുന്നു.
കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഇതു രണ്ടാമത്തെ പഞ്ചായത്താണ് ബിജെപിക്ക് അവിശ്വാസപ്രമേയത്തിലൂടെ നഷ്ടമാകുന്നത്. ഈമാസം രണ്ടിനു കാറഡുക്ക പഞ്ചായത്തിലാണ് ബിജെപിക്ക് ആദ്യം ഭരണം നഷ്ടമാകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജി.സ്വപ്നയ്ക്കെതിരെ സിപിഎമ്മിലെ എ.വിജയകുമാർ കൊണ്ടുവന്ന അവിശ്വാസം ഏഴിനെതിരെ എട്ടു വോട്ടുകൾക്ക് പാസാവുകയായിരുന്നു.
ഇതിനു മുന്‍പ് പൈവെളിഗെ പഞ്ചായത്തിലും എൽഡിഎഫും യുഡിഎഫും കൈകോർത്ത് ബിജെപിയെ പുറത്താക്കിയിരുന്നു. 18 സീറ്റുകളുള്ള ഈ പഞ്ചായത്തില്‍ ബിജെപി-എട്ട്, സിപിഎം-ഏഴ്, മുസ്ലിം ലീഗ്-2, കോണ്‍ഗ്രസ്-ഒന്ന്, ലീഗ് സ്വതന്ത്രന്-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇടതുവലതുകക്ഷികള്‍ ഒരുമിച്ചുനിന്നപ്പോള്‍ ബിജെപി പടിക്കുപുറത്തായി.