ജീവിത വെല്ലുവിളികളുടെ ട്രാക്കുകളിലൂടെ കുതിച്ച് ദേശീയതാരമായി തിളങ്ങിയ വി.ജെ. ഷാന്റിമോൾ. ഇവരുടെ കരുതൽ തണലിൽ ഒളിന്പ്യനായി വളർന്ന മകൻ സാജൻ പ്രകാശ്.
അപാരവും അവിശ്വസനീയമാണ് കായികരംഗത്ത് ഈ അമ്മയുടെ സഹനവും മകന്റെ നിശ്ചയദാർഢ്യവും.
താങ്ങും തണലും നഷ്ടമായി രണ്ടു വയസുകാരൻ മകനുമായി അന്യനാട്ടിൽ തനിച്ചായ അമ്മ. ബന്ധുക്കളായി അവിടെ ആരുമില്ല. ഏകമകനെ പോറ്റിവളർത്താൻ അമ്മ മാത്രം.
അണയാത്ത കനലും തോരാത്ത കണ്ണീരുമായി അതിജീവന പോരാട്ടത്തിൽ അമ്മ മകനുവേണ്ടിമാത്രം പിന്നീടിങ്ങോട്ട് ഓട്ടമായിരുന്നു.
ഷാന്റിമോൾ വിരിച്ച കരുതൽത്തണലിൽ മകൻ ഒളിന്പിക്സിലും ഏഷ്യാഡിലും നീന്തലിൽ വിസ്മയം കാഴ്ചവയ്ക്കുന്നു. പിച്ചവെച്ച പ്രായത്തിൽ സാജന് തുണ അമ്മ മാത്രമായിരുന്നെങ്കിൽ ഇന്ന് രാജ്യമെങ്ങും ഈ താരത്തിന് ആരാധകരുണ്ട്.
2016, 2021 ഒളിന്പിക്സുകളിൽ ഇന്ത്യയ്ക്കായി നീന്തൽക്കുളത്തിൽ ജഴ്സിയണിഞ്ഞ അന്തർദേശീയ താരമാണ് സാജൻ പ്രകാശ്്.
അധ്വാനം കൂടെപ്പിറപ്പായ അമ്മയുടെ നിതാന്ത പ്രോത്സാഹനമാണ് സാജനെന്ന ‘ബട്ടർഫ്ളൈ’യുടെ കൈകാലുകൾക്കു കരുത്തായത്.
രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഏണ്ണമറ്റ സ്വർണമെഡലുകൾ സമ്മാനിച്ച സാജനാണ് നീന്തലിലെ ദേശീയ ഐക്കണ്.
നിലയ്ക്കാത്ത ഓട്ടം
ഇടുക്കി മണിയാറൻകുടി മലയോര കാർഷിക ഗ്രാമത്തിൽ വടക്കേൽ ജോണ്-ത്രേസ്യാമ്മ ദന്പതികളുടെ മകളാണ് വി.ജെ. ഷാന്റിമോൾ.
പശു വളർത്തലായിരുന്നു വീടിന്റെ ഏക വരുമാനം. രണ്ടാം ക്ലാസിൽ അതായത് ഏഴാം വയസിൽ തുടങ്ങിയതാണ് രാവിലെയും വൈകുന്നേരവും പാൽസംഭരണ സൊസൈറ്റിയിലേക്കുള്ള ഷാന്റിമോളുടെ ഓട്ടം.
പുലർച്ചെ പാൽ കൊടുത്ത് വീട്ടിലെത്തി പുസ്തകസഞ്ചിയുമായി കുന്നോരങ്ങൾ കയറി മണിയാറൻകുടി സർക്കാർ സ്കൂളിലേക്ക് ഓട്ടം. ഉച്ചയൂണിന് വീട്ടിലേക്കൊരു പാച്ചിൽ. വീണ്ടും കുതിപ്പ് സ്കൂളിലേയ്ക്ക്.
നാലിന് മടങ്ങിയെത്തി അപ്പൻ കറന്നുവെച്ച പാലുമായി വീണ്ടും സൊസൈറ്റിയിലേക്ക്. വിശ്രമം മറന്ന ഈ ഓട്ടമാണ് ഷാന്റിമോൾ എന്ന കായികതാരത്തിന്റെ കാലുകളുടെ കരുത്തായി മാറിയത്.
കായികാധ്യാപകനില്ലാതിരുന്ന സർക്കാർ സ്കൂളിലെ ഇത്തിരിയില്ലാത്ത കുട്ടിയുടെ വേഗത്തെ തിരിച്ചറിഞ്ഞ മലയാളം അധ്യാപകൻ ചാക്കോസാറാണ് ഷാന്റിമോളെ സബ് ജില്ലാ, ജില്ലാ കായിക മത്സരങ്ങളിലേക്ക് അയച്ചത്.
ഏഴാം ക്ലാസിൽ 50,100,200,400 മീറ്ററുകളിൽ ജില്ലാ ചാന്പ്യനായി. മികച്ച പരിശീലനം നൽകിയാൽ ഇനിയുമേറെ വേഗത്തിലെത്തുമെന്ന വിലയിരുത്തലിലാണ് തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂളിലേക്ക് അധ്യാപകർ അയച്ചത്. അവിടെ ട്രയൽ ഓട്ടത്തിൽ ഒന്നാമതെത്തിയെങ്കിലും കുട്ടിയുടെ തൂക്കം 22 കിലോ മാത്രം.
എട്ടാം ക്ലാസിൽ പ്രവേശനത്തിന് കുറഞ്ഞത് 30 കിലോ തൂക്കം വേണമെന്നതായിരുന്നു നിയമം. അതിവേഗം അടയാളപ്പെടുത്തിയ ഷാന്റിമോളെ ഒഴിവാക്കാൻ സെലക്ഷൻ കമ്മിറ്റിയ്ക്കും മടി.
അന്നത്തെ കേരളാ സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ മേധാവിയായിരുന്ന പത്രോസ് മത്തായിയുടെ പ്രത്യേക അനുമതിയിൽ ജി.വി. രാജാ സ്കൂളിൽ പ്രവേശനം ലഭിച്ചു.
പത്താം ക്ലാസിലെത്തിയപ്പോൾ ദേശീയ സ്കൂൾ മീറ്റിൽ സ്വർണം നേടി. തുടർന്ന് പാലക്കാട് മേഴ്സി കോളജിൽ പ്രീഡിഗ്രി. 1984 മുതൽ 86 വരെ അഖിലേന്ത്യാ ഇന്റർ വാഴ്സിറ്റി മീറ്റിൽ 400 മീറ്ററിൽ ചാന്പ്യനായി. ജൂണിയർ മീറ്റിലും ഷാന്റി തന്നെയായിരുന്നു സുവർണകുമാരി.
ജൂണിയർ മീറ്റിന്റെ പരിശീലനത്തിലായിരുന്നതിനാൽ രണ്ടാം വർഷ പ്രീഡിഗ്രി പരീക്ഷ എഴുതാനായില്ല. തുടർന്ന് തൃശൂർ വിമലാ കോളജിൽ ചേർന്നെങ്കിലും അവിടെയും പ്രീഡിഗ്രി പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.
ഇന്റർ യൂണിവേഴ്സിറ്റി മീറ്റിലും ജൂണിയർ മീറ്റിലും മിന്നിത്തിളങ്ങിയ അക്കാലത്ത് ഷാന്റിമോൾക്ക് തമിഴ്നാട്ടിലെ നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം വന്ന് സ്പോർട്സ് ക്വാട്ടയിൽ 1987 ൽ അവിടെ പ്രവേശിച്ചു.
ട്രാക്കിൽ കൂടുതൽ നേട്ടങ്ങൾ കീഴടക്കാൻ കഠിന പരിശീലനം തുടർന്നെങ്കിലും 1988 ലെ ഡൽഹി ജൂണിയർ ഏഷ്യൻ ഗെയിംസ് ട്രയൽസിലുണ്ടായ തിരിച്ചടി ഷാന്റിമോൾക്ക് കണ്ണീരോർമയായി.
ഇഷ്ട ഇനമായ 400 മീറ്റർ ട്രയൽസിനാണ് ഡൽഹിയിലെത്തിയത്. ആദ്യദിനം 400 മീറ്റർ ഹർഡിൽസ് ട്രെയലും അടുത്ത ദിവസം 400 മീറ്ററും നടത്തുമെന്നായിരുന്നു അറിയിപ്പ്.
രണ്ടിനങ്ങൾക്ക് ഒരു ദിവസത്തെ ഇടവേളയുള്ളതിനാൽ 400 മീറ്റർ ഹർഡിൽസിൽകൂടി മത്സരിക്കാനിറങ്ങി മൂന്നാം സ്ഥാനം നേടി. ആ ഇവന്റ് പൂർത്തിയായി പത്തു മിനിറ്റു കഴിഞ്ഞപ്പോൾ 400 മീറ്റർ മത്സരം ഉടൻ നടത്തുകയാണെന്ന അറിയിപ്പുണ്ടായി.
400 മീറ്ററിൽ നിലവിലെ ജേതാവുകൂടിയായിരുന്ന ഷാന്റിമോൾക്ക് ആ ഓട്ടത്തിൽ നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ജൂണിയർ ഏഷ്യൻ മത്സരത്തിന് പരിശീലനത്തിലായിരുന്ന താരത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത പരാജയം.
മെഡൽ പ്രതീക്ഷകളിൽ നിഴൽവീണതോടെ ദേശീയ ക്യാന്പിനോട് താരം വിട പറഞ്ഞു. ട്രാക്ക് വിടാൻ മനസ് അനുവദിക്കാതെ സംസ്ഥാന ദേശീയ മത്സരങ്ങളിൽ 1993 വരെ ജഴ്സി അണിഞ്ഞു.
അമ്മയുറങ്ങാത്ത വീട്
1992ലായിരുന്നു ഷാന്റിമോളുടെ വിവാഹം. താണ്ടിവന്ന കഠിനപാതകളേക്കാൾ അതികഠിനവും വേദനാകരവുമായിരുന്നു ആ കാലഘട്ടം. 1993 മകൻ സാജൻ പ്രകാശ് ജനിച്ചു.
മകന് രണ്ടുവയസ് എത്തിയ കാലത്തെ വഴിപിരിയൽ ജീവിതത്തിലെ അടുത്ത വെല്ലുവിളിയായി. എങ്ങനെ കുട്ടിയെ പോറ്റുമെന്ന ആശങ്കയിൽ വിലപിച്ചും വിറങ്ങലിച്ചും നിന്ന കാലം.
സ്വന്തമെന്നു പറയാൻ കുരുന്നു മകൻമാത്രം. അവിടെയും ഷാന്റിമോൾ തളർന്നില്ല. ദിവസവും സാജനെ ഡേ കെയറിൽ ഏൽപ്പിച്ചു ജോലിക്കുപോകും.
വൈകുന്നേരം കുഞ്ഞിനെയും കൂട്ടി വീട്ടിലേയ്ക്ക്. കൂടുതൽ ജോലിയുള്ളപ്പോൾ രാത്രി വരെ ഡേ കെയർ ഉടമയായ തമിഴ് കുടുംബം കുട്ടിയെ കരുതലോടെ താലോലിച്ചു.
മൂന്നര വയസായപ്പോൾ സാജനെ നെയ്വേലി സെന്റ് പോൾസ് സ്കൂളിൽ എൽകെജിയിൽ ചേർത്തു. ചെറുപ്രായത്തിൽ തന്നെ സ്പോർട്സിൽ ആഭിമുഖ്യം പുലർത്തിത്തിയ സാജന് വേനൽ അവധിക്കാലത്ത് കോച്ചിംഗ് ക്യാന്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഫുട്ബോൾ, ക്രിക്കറ്റ്, നീന്തൽ , യോഗ തുടങ്ങിയവയിൽ പരിശീലനം.
നാലാം വയസിൽ അടുത്തുള്ള നീന്തൽകുളത്തിൽ പരിശീലനത്തിന് അമ്മ കൊണ്ടുപോയി. നീന്തൽകുളം കാണുന്നതു തന്നെ സാജന് ഭയമായി.
വെള്ളത്തിൽ ഇറങ്ങാനുള്ള ഭയം മാറിയത് ഒരുവർഷത്തെ തുടർച്ചയായ പ്രോത്സാഹനങ്ങൾക്കുശേഷമായിരുന്നു.
എട്ടാം ക്ലാസ് കഴിഞ്ഞതോടെ നീന്തലാണ് തനിക്കു അനുയോജ്യ ഇനമെന്നു തിരിച്ചറിഞ്ഞ് രാവിലേയും വൈകുന്നേരവും നീന്തൽ പരിശീലനം തുടങ്ങി.
2003-ൽ അണ്ടർ 10 വിഭാഗത്തിൽ ഡൽഹിയിൽ നടന്ന ദേശീയ മത്സരത്തിൽ മെഡൽ നേടി. എന്നാൽ 2004 മുതൽ 2008 വരെ ദേശീയ മത്സരങ്ങളിൽ ഈ വിജയം ആവർത്തിക്കാനാവാതെ വന്നതോടെ നീന്തൽ സ്യൂട്ടിൽ നിരാശയുടെ കരിനിഴൽ വീണു.
ഓരോ മത്സരത്തിലും തുടരെ തോൽവിയുമായി മടങ്ങിയെത്തുന്പോഴും അമ്മയ്ക്കു മുന്നിൽ വാവിട്ട കരച്ചിൽ. അപ്പോഴൊക്കെ അമ്മയുടെ സ്നേഹോഷ്മളമായ ഉപദേശം. ഓരോ തോൽവിയും വിജയത്തിലേക്കുള്ള പടിയായി കാണണെന്നായിരുന്നു അമ്മയുടെ വാക്ക്.
മോനു പ്രായം വളരെ കുറവാണെന്നും മുന്നോട്ടു നീന്തിക്കയറാൻ ഇനിയുമേറെ അവസരങ്ങൾ ബാക്കിയുണ്ടെന്നും അമ്മയുടെ മന്ത്രം.
അത് ശരിവെയ്ക്കുന്നതായിരുന്നു തുടർന്നുള്ള വിജയങ്ങൾ. 2009-ൽ ദേശീയ ജൂണിയർ മീറ്റിലും സ്കൂൾ മീറ്റുകളിലും വിസ്മയ പ്രകടനത്തിലൂടെ നീന്തൽകുളത്തിൽ നിന്ന് വിജയപീഠത്തിലേക്ക് കാൽവെച്ചുകയറിയത് കഴുത്തുനിറയെ സ്വർണമെഡലുകളുമായാണ്.
2010 നാഷണൽ സ്കൂൾ മീറ്റിലും 2011 ബാംഗളൂർ നാഷണൽ മീറ്റിലും പങ്കെടുത്ത ഇനങ്ങളിലെല്ലാം സ്വർണമെഡലുകൾ സാജനെ അലങ്കരിച്ചു.
തുടർന്ന് ബാംഗളൂരിൽ പരിശീലനത്തിനൊപ്പം അവിടെ ബിസിഎ പഠനത്തിനും ചേർന്നു. മകൻ ബാംഗളൂരിലേക്കു പോയതോടെ ശനിയാഴ്ചകളിൽ ജോലി കഴിഞ്ഞ് വൈകുന്നേരം അമ്മ ചെന്നൈയിൽ നിന്ന് ബസ് കയറി പുലർച്ചെ ബാംഗളൂരിൽ എത്തും.
മകന് ഇഷ്ടഭക്ഷണവും ഒപ്പം പ്രോത്സാഹനവും ആവോളം നൽകിയശേഷം ഞായറാഴ്ച്ച രാത്രി തിരികെ ജോലി സ്ഥലമായ നെയ്വേലിയിലേക്ക് മടക്കം.
ഇത്തരത്തിൽ കാലങ്ങളോളം ബാംഗളൂർ -ചെന്നെ റൂട്ടിൽ സാജനുവേണ്ടി വാരാന്ത്യയാത്രകൾ നടത്തിയതായി ഷാന്റിമോളുടെ സാക്ഷ്യം.
മെഡലുകളിലെ അമ്മത്തിളക്കം
കേരളം ആതിഥേയത്വം വഹിച്ച 2015 ദേശീയ ഗെയിംസിൽ കേരളത്തിന്റെ സുവർണകുമാരനായി സാജൻ പ്രകാശ് തിളങ്ങി. പിരപ്പൻകോട് നീന്തൽകുളത്തിൽ ആറു സ്വർണവും മൂന്നു വെള്ളിയുമാണ് സാജൻ നീന്തിയെടുത്തത്.
ഒപ്പം ദേശീയ ഗെയിംസിലെ മികച്ച താരമെന്ന പദവിയും ലഭിച്ചു. തുടർന്ന് സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ശിപാർശയിൽ തായ്ലൻഡിൽ പരിശീലനം.
ഒളിന്പിക്സ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാൻ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കേണ്ടിവന്നതിൽ വലിയ തുക ചെലവഴിക്കേണ്ടി വന്നു.
ഇതിനുള്ള പണമേറെയും കണ്ടെത്തിയത് ഷാന്റിമോളുടെ ജോലിയിൽ നിന്നും സ്പോണ്സർഷിപ്പുകളിലൂടെയുമായിരുന്നു. ഈ പരിശീലനങ്ങൾക്കുശേഷമായിരുന്നു ടോക്യോ ഒളിന്പിക്സിൽ ബട്ടർഫ്ളൈയിൽ മാതൃരാജ്യത്തിനുവേണ്ടി നീന്തൽക്കുളത്തിലിറങ്ങിയത്.
രാജ്യത്തിന്റെ സ്യൂട്ടണിഞ്ഞ ആ നീന്തൽ അമ്മയുടെ നിശ്ചയദാർഡ്യത്തിന്റെയും മകന്റെ കഠിനാധ്വാനത്തിന്റെയും വിജയമായിരുന്നു. ഇപ്പോൾ കേരളാ പോലീസിൽ അസിസ്റ്റന്റ് കമാന്റായി ജോലി ചെയ്യുകയാണ് 27കാരനായ സാജൻ പ്രകാശ്.
2016-ലെ റിയോ ഒളിന്പിക്സിൽ പങ്കെടുത്ത ഏക ഇന്ത്യൻ നീന്തൽ താരമാണ് സാജൻ. തുർക്ക്മെൻസ്ഥാനിൽ 2017 ൽ നടന്ന ഏഷ്യൻ ഇൻഡോർ ചാന്പ്യൻഷിപ്പിൽ വെള്ളി, 10 നാഷണൽ റിക്കാർഡ്, മൂന്നു സാഫ് റിക്കാർഡ്, ഒരു ഏഷ്യൻ റിക്കാർഡ് എന്നിവ സാജന്റെ പേരിലുണ്ട്.
ഫിനാ അക്രഡിറ്റഡ് ഒളിന്പിക് ക്വാളിഫൈയിംഗ് മത്സരത്തിൽ സുവർണനേട്ടത്തോടെയാണ് 2021 ലെ ഒളിന്പിക്സിനു യോഗ്യത നേടിയത്.
2018 ഏഷ്യൻ ഗെയിംസിൽ 100,200 മീറ്റർ ബട്ടർഫ്ളൈയിലും 2018 കോമണ്വെൽത്ത് ഗെയിംസിലും ബട്ടർഫ്ളൈയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ജീവിതം മുൾത്താരകളിലൂടെ മാത്രം നടന്ന അമ്മ തോൽവികളെയും തിക്താനുഭവങ്ങളെയും പഴിക്കാതെ ഏക മകനുവേണ്ടി പൊരുതിയതിന്റെ നേട്ടം.
മകൻ രാജ്യത്തിന്റെ അഭിമാനതാരമായി മാറുന്പോൾ അമ്മയ്ക്ക് അഭിമാനം. ഒളിന്പ്യൻ താരമായി മകനെ രാജ്യത്തിന് സമ്മാനിക്കാനായതിന്റെ നിർവൃതിയിലാണ് ഷാന്റിമോൾ.
തോമസ് വർഗീസ്