നമ്മുടെ കുട്ടിക്കാലത്തേക്കൊന്നു പോകാം. ‘അടി’ സർവസാധാരണമായിരുന്ന അക്കാലത്ത് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ഒന്നോർത്തു നോക്കൂ.
പലപ്പോഴും ശരീരത്തിനുണ്ടായിട്ടുള്ള വേദനയെക്കാൾ എത്രയോ വലുതായിരുന്നു മനസിനേറ്റ മുറിവുകൾ… ഉണ്ടായ അപകർഷതാബോധം…
അടി പേടിച്ച് പലതും തുറന്നുപറയാൻ ഭയന്നവർ അക്കൂട്ടത്തിലുണ്ട്. അടി വാങ്ങി നന്നായി എന്നു ചിന്തിക്കുന്നുണ്ടെങ്കിൽ, അത് അടിച്ച വ്യക്തിയോടുള്ള സ്നേഹമോ ബഹുമാനമോകൊണ്ടല്ല,
ഭയംകൊണ്ടാണ്. നമ്മെ സ്നേഹിക്കുന്ന, നാം സ്നേഹിക്കുന്ന നമ്മുടെ മക്കൾ നമ്മളെ അനുസരിക്കേണ്ടത് ഭയംകൊണ്ടാണോ? അങ്ങനെയാണെങ്കിൽ ആ അനുസരണത്തിന് എത്ര ആയുസ് ഉണ്ടാകും?
ശിക്ഷയും ശിക്ഷണവും രണ്ടും രണ്ടാണ്. എന്നാൽ മാതാപിതാക്കളും അധ്യാപകരുമടക്കം പലരും ഇതിനെ ഒന്നായാണ് മനസിലാക്കുന്നത്.
ഒന്നുണ്ടായാൽ ഉലക്കകൊണ്ട് അടിക്കണം എന്ന മേന്പൊടി കൂടെയാകുന്പോൾ കാലങ്ങളായി ശീലിച്ചുപോന്ന ശിക്ഷാരീതികൾ തുടരുകയായി.
ശിക്ഷണം എന്നത് അറിവ് പങ്കുവയ്ക്കുന്ന ഒരു പ്രക്രിയ ആണ്. എന്നാൽ ശിക്ഷിക്കുന്നതിലൂടെ അറിവ് ലഭിക്കുന്നില്ല. താൻ ചെയ്തത് അല്ലെങ്കിൽ പറഞ്ഞത് തെറ്റാണ് എന്നു മാത്രമേ മനസിലാകുന്നുള്ളൂ.
എന്താണു ശരി എന്ന് പഠിക്കുന്നില്ല. തല്ലുന്നത് അടിച്ചമർത്തൽകൂടിയാണ്. യഥാർഥത്തിൽ മാനസികമായ ഒരകൽച്ചയല്ലേ അവിടെ സംഭവിക്കുന്നത്.
ഒരു കുഞ്ഞ് ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മാതാപിതാക്കൾതന്നെ അതിനെ തല്ലുന്പോൾ അത് അവരുടെ മനസിലുണ്ടാക്കുന്ന മുറിവ് ആഴത്തിലുള്ളതാണ്. ഒരുപക്ഷേ മരണംവരെ മായാത്ത മുറിവുകൾ!
ഡോ. ജിറ്റി ജോർജ്
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്
എസ്എച്ച് മെഡിക്കൽ സെന്റർ
കോട്ടയം
[email protected]