കണ്ണൂര്: മധ്യവയസ്കനെ വീട്ടിൽനിന്നു കാറിൽ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദിച്ചശേഷം വഴിയിൽ തള്ളി.
കണ്ണൂർ ചാലാട് സ്വദേശി ശ്രീരഞ്ജനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിൽ താടിയെല്ല് തകർന്നു ഗുരുതരമായി പരിക്കേറ്റ ശ്രീരഞ്ജൻ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ആറാംകോട്ടം നാലുമുക്ക് സ്വദേശി പി.വി.രഞ്ജിത്ത് കുമാറിനെയും മറ്റൊരാളെയും ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് 12 ഓടെയായിരുന്നു സംഭവം. മിന്നൽ മുരളിയെന്ന സ്റ്റിക്കർ പതിച്ച കാറിലെത്തിയ മൂന്നംഗ സംഘം ശ്രീഞ്ജന്റെ വീട്ടിൽ അതിക്രമിച്ചുകയറി ബലമായി കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
തുടർന്ന് ഒരു വീട്ടിൽ കെട്ടിയിട്ട് മർദിച്ചശേഷം ഇതേ കാറിൽ കയറ്റി ബസ്സ്റ്റാൻഡിൽ ഇറക്കിവിട്ടശേഷം 100 രൂപ കീശയിൽ തിരുകി വച്ച് ഓട്ടോ വിളിച്ച് പോലീസ് സ്റ്റേഷനിൽ പോയി പരാതി പറ എന്നുപറഞ്ഞ് കടന്നുകളയുകയായിരുന്നു.
ശ്രീരഞ്ജൻ ഫോൺ വിളിച്ച് ബന്ധുക്കളെ വിവരമറിയിച്ചശേഷം ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
കസ്റ്റഡിയിലുള്ള രഞ്ജിത്ത് കുമാർ മർദനമേറ്റ ശ്രീരഞ്ജന്റെ മരുമകളുടെ ഭർത്താവാണ്. ശ്രീരഞ്ജന്റെ മരുമകളും ഭർത്താവും തമ്മിൽ കുടുംബകോടതിൽ കേസ് നിലനിൽക്കുന്നുണ്ട്.
ശ്രീരഞ്ജന്റെ ആറാംകോട്ടത്തുള്ള മരമിൽ കെട്ടിടത്തിന്റെ മുകൾഭാഗത്ത് രഞ്ജിത്ത് ഒരു സ്ത്രീക്കൊപ്പം താമസിക്കുന്നത് ചോദ്യം ചെയ്ത വിരോധമാണ് തട്ടിക്കൊണ്ടുപോകലിനും മർദനത്തിനും കാരണമെന്ന് ശ്രീരഞ്ജിന്റെ ഭാര്യയും കണ്ണൂര് സിവില് സ്റ്റേഷൻ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മിസ്ട്രസുമായ ജ്യോതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തങ്ങളുടെ രണ്ടു പെൺമക്കളെയും അപായപ്പെടുത്തുമെന്ന് ഇയാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.