ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: കൊടും തണുപ്പും ഭക്ഷണ ക്ഷാമവും സ്ഫോടന ശബ്ദങ്ങളും ഏറെ പേടിപ്പെടുത്തുന്നുണ്ടെന്നു യുക്രെയ്നിൽ പ്രാണരക്ഷാർത്ഥം ബങ്കറിൽ കഴിയുന്ന മണപ്പാടം സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി അഖിൽ വിഷ്ണു പറഞ്ഞു.
മൈനസ് നാലു ഡിഗ്രിയിലും താഴെയാണ് ബങ്കറിനുള്ളിലെ തണുപ്പ്. സുരക്ഷിത സ്ഥലങ്ങളിലേക്കു പെട്ടെന്നു മാറാൻ ആവശ്യപ്പെട്ടപ്പോൾ ഒന്നും എടുക്കാതെ താമസസ്ഥലത്തു നിന്നും ഓടുകയായിരുന്നു.
ബ്രെഡ് പോലെയുള്ള ലഘു ഭക്ഷണങ്ങളും വെള്ളവും ഇപ്പോഴുണ്ട്. എന്നാൽ അതെല്ലാം ഏതുനിമിഷവും ഇല്ലാതാകാം.
നിന്നുതിരിയാൻ ഇടമില്ലാത്ത വിധം ഭൂഗർഭങ്ങളിലെ ബങ്കറുകളെല്ലാം യുക്രെയ്നികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്.
ടോയ്ലറ്റ് സൗകര്യങ്ങൾ ഇല്ല. രോഗ ഭീഷണികളുമുണ്ട്. പുറത്ത് ഏതുസമയവും സ്ഫോടന ശബ്ദമാണ്. പുകപടലങ്ങൾ പ്രദേശമാകെ മൂടി.
ശുദ്ധവായുവില്ല. എത്രയും വേഗം തങ്ങളെ രക്ഷപ്പെടുത്താൻ ബന്ധപ്പെട്ടവർ അടിയന്തര ഇടപെടലുകൾ നടത്തണമെന്നാണ് അഖിൽ വിഷ്ണുവിന്റെയും മറ്റുള്ളവരുടെയും അപേക്ഷ.
ബങ്കറുകൾക്കുള്ളിൽ നെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ പുറമെയുള്ളവരുമായി ബന്ധപ്പെടാൻ ബുദ്ധിമുട്ടുകളുണ്ട്.
വെടിയൊച്ച ഒതുങ്ങുന്പോൾ പുറത്തുകടന്നാണ് വീട്ടിലേക്കും മറ്റും അത്യാവശ്യം വിളിക്കുന്നത്. താമസിക്കുന്ന ഫ്ലാറ്റ് സുരക്ഷിതമല്ലെന്നതിനാലാണ് ബങ്കറിൽതന്നെ കഴിയുന്നതെന്നും അഖിൽ പറഞ്ഞു.
മണപ്പാടം വൈഷ്ണവ ഭവനിൽ കൃഷ്ണകുമാറിന്റെയും ആയക്കാട് സിഎ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ജയയുടേയും ഏകമകനാണ് അഖിൽ വിഷ്ണു.
ആറുവർഷം ദൈർഘ്യമുള്ള എംബിബിഎസിന്റെ അവസാനവർഷമായതിനാൽ പ്രാക്ടിക്കൽ ക്ലാസുകളുണ്ട്. അതിനാൽ ഓണ്ലൈൻ പഠനം സാധ്യമായിരുന്നില്ല.
എങ്കിലും യുദ്ധഭീതി മുന്നിൽ കണ്ട് നേരത്തെതന്നെ വീട്ടിലേക്കു വരാൻ ടിക്കറ്റ് എടുത്തിരുന്നു.
അടുത്ത മാസം 11 നു വരാനാണ് ടിക്കറ്റ് എടുത്തിരുന്നതെന്ന് അമ്മ ജയ ടീച്ചർ പറഞ്ഞു. കോവിഡ് വ്യാപനമായതിനാൽ ഇക്കഴിഞ്ഞ ജനുവരി വീട്ടിൽവന്ന് ഈ മാസം ആറിനാണ് തിരിച്ചുപോയത്.
അമ്മ ജയ ടീച്ചർ ഇപ്പോൾ വീട്ടിൽ വിളക്കുതെളിയിച്ച് രാപകൽ പ്രാർഥനയിലാണ്.
മകനും മറ്റു കുട്ടികൾക്കും യാതൊരു ആപത്തും വരുത്താതെ നാട്ടിലെത്തിക്കാൻ ബന്ധപ്പെട്ടവരുടെ അടിയന്തര ഇടപെടലുകളാണ് ഈ കുടുംബവും ആവശ്യപ്പെടുന്നത്.
ഇന്നലെ ഉച്ചയോടെ പി.പി.സുമോദ് എംഎൽഎ യും ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു.
മലയാളി വിദ്യാർത്ഥികളെയെല്ലാം ഉടൻ നാട്ടിലെത്തിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വേഗത്തിലുള്ള ഇടപെടലുകൾ നടന്നുവരികയാണെന്നും കുടുംബത്തിന്റെ ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും എംഎൽഎ പറഞ്ഞു.
കുടുങ്ങിയവരിൽ കടപ്പുറത്തെ ഇരട്ട സഹോദരിമാരും
ചാവക്കാട്: യുദ്ധഭൂമിയിൽ കുടുങ്ങിയ ഇരട്ട സഹോദരിമാർ കടപ്പുറത്ത് ഒരു കുടുംബം.
ഇരട്ടപ്പുഴ ചെവിടൻ കുലവൻ മണികണ്ഠന്റെ മക്കളായ അഞ്ജനയും അഞ്ജലിയുമാണ് യുക്രെയ്നിലുള്ളത്. ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥികളാണ് ഇവർ.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും യുക്രെയിനിലേക്കു പോയത്. ഇവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, എൻ.കെ. അക്ബർ എംഎൽഎ എന്നിവർക്കു വീട്ടുകാർ നിവേദനം നൽകി.
പെണ്കുട്ടികൾ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ട്. രാവിലെ വെള്ളം ശേഖരിച്ചുവെന്നും ഭക്ഷണം പാകം ചെയ്തുവെന്നും കുട്ടികൾ വീട്ടുകാരെ അറിയിച്ചു.
ചെറിയ ബാഗിൽ ഭക്ഷണവും വെള്ളവും പാസ്പോർട്ടും ഒരുക്കി തയാറായി ഇരിക്കണമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളതെന്ന് അഞ്ജന വീട്ടുകാരെ അറിയിച്ചു.
എമർജൻസി സൈറൻ കേട്ടാൽ ഉടനെ പുറത്തിറങ്ങാനാണു നിർദേശം. ലഗേജ് എടുക്കരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്നു കുട്ടികൾ പറഞ്ഞു.