കാട്ടാക്കട : ആർഎസ്എസ് പ്രവർത്തകന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്ത്തിയതായി പരാതി.
കൈകാലുകൾക്ക് ഗുരുതര പരിക്കേറ്റ മലയിൻകീഴ് അയണിയോട് മേലേവീട്ടിൽ (ജയാഭവൻ) വിവേക് (27) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ നാലിന് വിളവൂർക്കൽ പാറപ്പൊറ്റയിൽ വച്ചായിരുന്നു ആക്രമണം. ടിപ്പർ ലോറി ഡ്രൈവറായ വിവേക് വണ്ടി എടുക്കാൻ പോകവെ റോഡരികിൽ പതിയിരുന്ന നാലംഗ സംഘം വിവേക് സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ വിവേകിന്റെ വലതുകൈയുടെ പെരുവിരൽ അറ്റുവീണു.
സ്ഥിരം ഡ്രൈവറായ വിഷ്ണുവിന്റെ (അച്ചു)അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാൽ ഇന്നലെ വണ്ടി എടുക്കാൻ സുഹൃത്ത് വിവേകിനെ അയയ്ക്കുകയായിരുന്നു.
വിഷ്ണുവിനെ ആക്രമിക്കാൻ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയതെന്ന് ആർഎസ്എസ് പ്രവർത്തകർ പറഞ്ഞു. വിഷ്ണു ആർഎസ്എസ് വിളവൂർക്കൽ മണ്ഡൽ കാര്യവാഹാണ്.
കഴിഞ്ഞ ഏപ്രിൽ 8 ന് രാത്രി വിളവൂർക്കലിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്നെത്തി സംഘപരിവാർ പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു.
ഗർഭിണിയടക്കം ഏഴുപേർക്ക് അന്ന് മർദനമേറ്റിരുന്നു.അന്ന് വിഷ്ണുവിനു നേരെ ആക്രമണം ഉണ്ടായതായും വിഷ്ണുവിന്റെ ജീവനെടുക്കുമെന്ന് ആക്രാശിച്ചാണ് അന്ന് അക്രമികൾ മടങ്ങിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിളവൂർക്കൽ പെരുകാവ് മേഖലയിൽ നടന്ന വാക്കുതർക്കങ്ങളാണ് പിന്നിട് ആക്രമണത്തിൽ കലാശിച്ചത്.
സംഭവത്തിന് ശേഷം മലയിൻകീഴ് പോലീസ് വിളിച്ചുകൂട്ടിയ യോഗത്തിൽ ഇരു കക്ഷികളും ഇനിയൊരു സംഘർഷം ഉണ്ടാക്കില്ലെന്ന ധാരണണയിലാണ് പിരിഞ്ഞത്.
എന്നാൽ ധാരണയുണ്ടാക്കി മൂന്നുമാസം പിന്നിട്ടപ്പോഴേക്കും മാർക്സിസ്റ്റു പാർട്ടി ഇന്നലെ വടിവാൾ കൈയിലെടുക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന്ബിജെപി ജില്ലാ മേഖലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു പറഞ്ഞു.